പതിനെട്ടിനും അറുപതിനും ഇടയിലുള്ള പുരുഷൻമാർ രാജ്യം വിടുന്നത് തടഞ്ഞു, യുക്രെയിൻ റഷ്യ യുദ്ധത്തിൽ പുത്തൻ അടവ്
കീവ് : റഷ്യയുടെ ആക്രമണത്തിൽ രണ്ടാം ദിവസം രാജ്യത്തെ പതിനെട്ടിനും അറുപതിനും ഇടയിലുള്ള പുരുഷൻമാർ രാജ്യം വിടുന്നത് യുക്രെയിൻ തടഞ്ഞു. കഴിഞ്ഞ ദിവസം രാജ്യത്ത് പട്ടാള നിയമം നടപ്പിലായതിന്റെ പശ്ചാത്തലത്തിലാണ് ഇത്. ശത്രുവിനെതിരെ പോരാടാനുള്ള അവസാന അടവായിട്ടാണ് രാജ്യത്തെ പുരുഷാരത്തെ യുക്രെയിൻ കാണുന്നത്.
ഇത് സംബന്ധിച്ച ഉത്തരവിൽ യുക്രെയിൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി ഒപ്പു വച്ചിട്ടുണ്ട്. രാജ്യത്തിന്റെ പ്രതിരോധം ഉറപ്പാക്കാനും പോരാട്ടത്തിൽ അണിനിരക്കുവാനുമായി ഇവരെ അടുത്ത ഘട്ടത്തിൽ വിളിച്ചേക്കും.’ഞങ്ങളുടെ രാജ്യത്തെ പ്രതിരോധിക്കാൻ ഞങ്ങൾ ഒറ്റയ്ക്കാണ്,’ സെലെൻസ്കി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ‘ആരാണ് നമുക്കൊപ്പം പോരാടാൻ തയ്യാറുള്ളത്? ഞാൻ ആരെയും കാണുന്നില്ല. യുക്രെയ്നിന് നാറ്റോ അംഗത്വത്തിന്റെ ഉറപ്പ് നൽകാൻ ആരാണ് തയ്യാറുള്ളത്? എല്ലാവരും ഭയപ്പെടുന്നു.’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രാജ്യത്ത് പട്ടാള നിയമം നിലനിൽക്കുന്നിടത്തോളം കാലം പുരുഷന്മാർക്കുള്ള നിയന്ത്രണം നിലനിൽക്കും. അതിർത്തിയിൽ പരിശോധന ശക്തമാണ്. റഷ്യ ‘സമ്പൂർണ യുദ്ധം’ ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് സെലൻസ്കി ഉക്രെയ്നിൽ പട്ടാള നിയമം പ്രഖ്യാപിച്ചത്. നിലവിൽ യുക്രെയിൻ തലസ്ഥാനമായ കീവിൽ നിന്നും കേവലം എട്ട് കിലോമീറ്റർ അകലെയാണ് റഷ്യൻ സൈന്യമുള്ളത്. ഇവിടെയുള്ള വോർസൽ ഗ്രാമം സൈന്യം ഇതിനകം പിടിച്ചെടുത്തു. വോർസൽ റഷ്യൻ സേനയുടെ കീഴിലായതായി യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. തലസ്ഥാനം വളയാനുള്ള മുന്നൊരുക്കത്തിലാണ് റഷ്യ. എന്നാൽ അപ്രതീക്ഷിത പ്രത്യാക്രമണങ്ങളിലൂടെ യുക്രെയിൻ റഷ്യൻ സൈനിക മുന്നേറ്റത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.