വിമാനം നാളെ എത്തും; പാസ്പോർട്ട് കൈയിൽ കരുതുക, വാഹനത്തിൽ ഇന്ത്യൻ പതാക പതിക്കണം; ഇന്ത്യക്കാരോട് ഹംഗറി – റൊമാനിയ അതിർത്തിയിൽ എത്താൻ നിർദേശം
ന്യൂഡൽഹി: യുക്രെയിനിൽ കുടുങ്ങിയ ജനങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി ഇന്ത്യ. ഇന്ന് മാത്രം ആയിരം വിദ്യാർത്ഥികളെ റോഡുമാർഗം യുക്രെയിനിൽ നിന്ന് ഒഴിപ്പിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.ഹംഗറി, പോളണ്ട്, സ്ലൊവാക്യ, റുമാനിയ അതിർത്തികളിലൂടെ ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. ആദ്യഘട്ടത്തിൽ റുമാനിയയിലേക്കും ഹംഗറിയിലേക്കും നാളെ എയർഇന്ത്യ വിമാനങ്ങൾ അയയ്ക്കും. യുക്രെയിൻ വിടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള രജിസ്ട്രേഷൻ ഹംഗറിയിലെ ഇന്ത്യൻ എംബസിയിൽ പുരോഗമിക്കുകയാണ്. മടങ്ങി വരുന്നവരുടെ മുഴുവൻ ചെലവും കേന്ദ്രസർക്കാർ വഹിക്കും.വിദ്യാർത്ഥികളോട് ഹംഗറി, റൊമാനിയ അതിർത്തിയിൽ എത്താനാണ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പുതിയ നിർദേശത്തിൽ പറഞ്ഞിരിക്കുന്നത്. അതിർത്തിക്കടുത്ത് താമസിക്കുന്നവർ ആദ്യം എത്തണം. എന്തെങ്കിലും തരത്തിലുള്ള സഹായം ആവശ്യമുള്ളവർ ഹെൽപ് ലൈൻ നമ്പറുകളിൽ വിളിക്കണം.പാസ്പോർട്ട് കൈയിൽ കരുതണം. പണം യുഎസ് ഡോളറായി കരുതുന്നതാണ് നല്ലത്. കൊവിഡ് ഡബിൾ വാക്സിനേഷൻ സർട്ടിഫിക്കറ്റുണ്ടെങ്കിൽ അതും കൈയിൽ കരുതണം. യാത്ര ചെയ്യുന്ന വാഹനത്തിൽ വളരെ വ്യക്തമായി ഇന്ത്യൻ പതാക പതിക്കണം. സുരക്ഷ ഉറപ്പ് വരുത്താനാണിതെന്നും എംബസി നിർദേശത്തിൽ പറയുന്നു.