ന്യൂദൽഹി : നിര്‍ഭയകേസിൽ വധശിക്ഷ തന്നെ. പ്രതി അക്ഷയ് സിംഗ് ഠാക്കൂര്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. നിര്‍ഭയ കൊല്ലപ്പെട്ട് ഏഴ് വര്‍ഷം കഴിയുമ്പോഴാണ് പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കി സുപ്രീംകോടതി വിധി വരുന്നത്. പുതിയ കാര്യങ്ങളൊന്നും പുനപരിശോധന ഹര്‍ജിയിൽ കൊണ്ടുവരാൻ പ്രതിഭാഗത്തിന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. തുടര്‍ന്നാണ് പുനപരിശോധന ഹര്‍ജി തള്ളിയത്. ഇതോടെ കേസിലെ നാല് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനും സാഹചര്യം ഒരുങ്ങി.
പുനപരിശോധന എന്നാൽ പുനര്‍വിചാരണയല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധിക്കെതിരെ തിരുത്തൽ ഹര്‍ജി നൽകുമെന്നാണ് പ്രതിയുടെ അഭിഭാഷകന്റെ പ്രതികരണം. സുപ്രീംകോടതി തള്ളിയ സാഹചര്യത്തിൽ പ്രതിക്ക് വേണമെങ്കിൽ രാഷ്ട്രപതിയെ സമീപിക്കാനും അവസരം ഉണ്ട്.
ദയാഹര്‍ജി നൽകാനുള്ള നീക്കവുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് പ്രതിയുടെ അഭിഭാഷകൻ എപി സിംഗിന്റെ പ്രതികരണത്തിൽ നിന്ന് വ്യക്തമാകുന്നത്. ദയാ ഹര്‍ജി നൽകാൻ മൂന്ന് ആഴ്ചത്തെ സാവകാശം വേണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെടുന്നത്. തിരുത്തൽ ഹര്‍ജിയും ദയാഹര്‍ജിയും നൽകി ശിക്ഷ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകാനാണ് പ്രതികളുടെ നീക്കം. ഇക്കാര്യത്തിൽ ഇനി കൂടുതൽ ഒന്നും പറയാനില്ലെന്നാണ് പുനപരിശോധന ഹര്‍ജി തള്ളി ജസ്റ്റിസ് ഭാനുമതി വ്യക്തമാക്കിയത്.
നിര്‍ഭയ കേസിലെ പ്രതി അക്ഷയ് സിംഗ് ഠാക്കൂറിന്റെ പുനപരിശോധന ഹര്‍ജിയിൽ വിശദമായ വാദം കേട്ട ശേഷമാണ് കോടതി തീരുമാനം അറിയിച്ചത്. രാവിലെ കേസ് പരിഗണിച്ച കോടതി അരമണിക്കൂര്‍ കൊണ്ട് വാദം പൂര്‍ത്തിയാക്കണമെന്ന് അഭിഭാഷകനോട് നിര്‍ദ്ദേശിച്ചിരുന്നു. പറയാനുള്ളതെല്ലാം അരമണിക്കൂര്‍ കൊണ്ട് പറഞ്ഞ് തീര്‍ക്കണമെന്നായിരുന്നു പ്രതിയുടെ അഭിഭാഷകനോട് ജസ്റ്റിസ് ഭാനുമതി ആവശ്യപ്പെട്ടത്. മാധ്യമങ്ങളുടേതടക്കം സമ്മർദ്ദമുള്ളതിനാൽ നീതി നിഷേധിക്കപ്പെടതതെന്ന് പ്രതിയുടെ അഭിഭാഷകൻ എ പി സിംഗ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു,