മുൻ പഞ്ചായത്തംഗവും യൂത്ത് കോൺഗ്രസ് നേതാവുമായ അസീബിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ മുൻ പഞ്ചായത്തംഗവും യൂത്ത്കോൺഗ്രസ് നേതാവുമായ യുവാവ് അറസ്റ്റിൽ നാറാത്ത് മുൻ പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് നേതാവുമായ കണ്ണാടിപ്പറമ്പിലെ അസീബിനെയാണ് (36) ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്. ഈക്കഴിഞ്ഞ നവംബർ 21ന് രാത്രിയിലാണ് സംഭവം. കുട്ടിയുടെ പിതാവിനൊപ്പം മദ്യലഹരിയിൽ വീട്ടിലെത്തിയ ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
സംഭവത്തെ തുടർന്ന് ആരോടു പറയാതെ പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിപ്പോയിരുന്നു. പിന്നീട് പോലീസ് പെൺകുട്ടിയെ കണ്ടെത്തി കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. തുടർന്ന് പെൺകുട്ടിയുടെ മൊഴിയെടുത്ത പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് കണ്ണാടിപ്പറമ്പിൽ വച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.