ഹോട്ടൽ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ ; പിടിയിലായത് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ
തിരുവനന്തപുരം: തലസ്ഥാനത്ത് ഹോട്ടൽ ജീവനക്കാരനായ അയ്യപ്പനെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. നെടുമങ്ങാട് കൊല്ലായിൽ അജീഷ്ഭവനിൽ അജീഷ്(36)നെയാണ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പിടികൂടിയത്. തമ്പാനൂരിലെ ഹോട്ടൽ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റായിരുന്നു കൊല്ലപ്പെട്ട നാഗർകോവിൽ സ്വദേശി അയ്യപ്പൻ. ഇന്ന് രാവിലെ എട്ടരയോടെയാണ് അജീഷ് കൊലപാതകം നടത്തിയത്.മാരകായുധവുമായാണ് അജീഷ് തമ്പാനൂരിലുള്ള സിറ്റി ടവർ ഹോട്ടലിലേയ്ക്ക് എത്തിയത്. ഇയാൾ നേരെ പോയത് റിസപ്ഷനിലെ കസേരയിൽ ഇരിക്കുകയായിരുന്ന അയ്യപ്പനെ ലക്ഷ്യമിട്ടായിരുന്നു. ശേഷം അയ്യപ്പന്റെ കഴുത്ത് പിടിച്ചുവച്ച് കൈയിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് കഴുത്തിനും തലയിലും കയ്യിലും ക്രൂരമായി വെട്ടുകയായിരുന്നു. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി ഹോട്ടലിൽ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. നിരവധി തവണ അയ്യപ്പനെ വെട്ടിയ ശേഷം മരിച്ചു എന്ന് ഉറപ്പു വരുത്തിയാണ് ഇയാൾ ഹോട്ടലിൽ നിന്നും പുറത്തിറങ്ങിയത്. പിന്നീട് പുറത്ത് വച്ചിരുന്ന ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.