കഴുത്തിലും തലയിലും തുരുതുരെ ആഞ്ഞ് വെട്ടി, പ്രതി എത്തിയത് കൊല്ലണമെന്ന് നിശ്ചയിച്ച്; അന്വേഷണം ഊർജിതമാക്കി പൊലീസ്
തിരുവനന്തപുരം: തലസ്ഥാനത്ത് ആളുകൾ നോക്കിനിൽക്കെ ഹോട്ടൽ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിക്കായുള്ള അന്വേഷണം തുടരുന്നു. ഇന്ന് രാവിലെ എട്ടരയോടെയാണ് നാഗർകോവിൽ സ്വദേശി അയ്യപ്പ(34)നെ ബൈക്കിലെത്തിയ ഒരാൾ അതി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. അമ്പലമുക്ക് കൊലപാതകത്തിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് തലസ്ഥാനത്ത് മറ്റൊരു അരുംകൊല കൂടി നടന്നത്.മാരകായുധവുമായാണ് അക്രമി തമ്പാനൂരിലുള്ള സിറ്റി ടവർ ഹോട്ടലിലേയ്ക്ക് എത്തിയത്. ഇയാൾ നേരെ പോയത് റിസപ്ഷനിലെ കസേരയിൽ ഇരിക്കുകയായിരുന്ന അയ്യപ്പനെ ലക്ഷ്യമിട്ടായിരുന്നു. ശേഷം അയ്യപ്പന്റെ കഴുത്ത് പിടിച്ചുവച്ച് കൈയിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് കഴുത്തിനും തലയിലും കയ്യിലും ക്രൂരമായി വെട്ടുകയായിരുന്നു. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി ഹോട്ടലിൽ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. നിരവധി തവണ അയ്യപ്പനെ വെട്ടിയ ശേഷം മരിച്ചു എന്ന് ഉറപ്പു വരുത്തിയാണ് ഇയാൾ ഹോട്ടലിൽ നിന്നും പുറത്തിറങ്ങിയത്. പിന്നീട് പുറത്ത് വച്ചിരുന്ന ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.എന്താണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നത് വ്യക്തമല്ല. സംഭവം നടക്കുന്ന സമയം അയ്യപ്പനും റൂം ബോയ് ആയി ജോലി ചെയ്യുന്ന മറ്റൊരു ജീവനക്കാരനും മാത്രമാണ് ഹോട്ടലിൽ ഉണ്ടായിരുന്നത്. മാലിന്യം കളയുന്നതിനായി റൂം ബോയ് പുറത്ത് പോയി മടങ്ങിയെത്തിയപ്പോഴേക്കും അയ്യപ്പനെ കൊലപ്പെടുത്തി പ്രതി രക്ഷപ്പെട്ടിരുന്നു. ചോരയിൽ കുളിച്ച് കിടക്കുന്ന അയ്യപ്പനെയാണ് റൂം ബോയ് കണ്ടത്.അയ്യപ്പനുമായി കഴിഞ്ഞ ദിവസവും സംസാരിച്ച ശേഷമാണ് വീട്ടിലേക്ക് പോയതെന്ന് ഹോട്ടല്‍ ഉടമയുടെ ഭാര്യ പറഞ്ഞു. എന്തെങ്കിലും പ്രശ്നമുള്ളതായി അയ്യപ്പന് തന്നോടോ ഭര്‍ത്താവിനോടോ പറഞ്ഞിരുന്നില്ലെന്നും അത്തരത്തിലൊന്നും തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും അവർ പറഞ്ഞു. ഹോട്ടല്‍ ഉടമയുടെ അകന്ന ബന്ധു കൂടിയാണ് അയ്യപ്പന്. മൂന്ന് വർഷത്തോളമായി അയ്യപ്പൻ ഹോട്ടലിൽ ജോലി ചെയ്യുകയാണ്. ലോക്ഡൗണിന് ശേഷം കുറച്ച് നാളുകള്‍ക്ക് മുമ്പാണ് വീണ്ടും ജോലിയില്‍ പ്രവേശിച്ചത്.