മദ്രസയിൽ പഠിക്കാനെത്തിയ പതിമൂന്നുകാരി ഗർഭിണിയായി, പുറത്തറിഞ്ഞത് സ്കൂളിൽ ബയോളജി ടീച്ചർ പിരീഡ്സിനെ കുറിച്ച് ക്ലാസെടുത്തപ്പോൾ
വാഴക്കുളം: മദ്രസയിൽ പഠിക്കാനെത്തിയ പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മദ്രസ അദ്ധ്യാപകരുടെ സഹായിയായ തമിഴ്നാട് സ്വദേശി ഷറഫുദ്ദീനെ (27) തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. മദ്രസയിൽ ജോലി ചെയ്തിരുന്ന ഇയാൾ പതിവായി രാവിലെയെത്താറുള്ള കുട്ടിയെ വശീകരിച്ചാണ് പീഡിപ്പിച്ചത്.
എട്ടാം ക്ലാസ് വിദ്യാർത്ഥിനി രണ്ടു മാസം ഗർഭിണിയാണ്. കഴിഞ്ഞ നവംബറിലാണ് ചൂഷണം ആരംഭിച്ചത്. ഷറഫുദീൻ കുട്ടിയെ ക്ലാസ് സമയത്തിനു മുമ്പേ മദ്രസയിലേക്ക് വിളിച്ചു വരുത്തിയാണ് പീഡിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ തിങ്കളാഴ്ച സ്കൂളിൽ ബയോളജി ക്ലാസിൽ ടീച്ചർ മാസമുറയെക്കുറിച്ച് ക്ലാസെടുത്തതാണ് സംഭവം പുറത്തുവരാൻ കാരണം. ഗർഭിണിയായാൽ മാസമുറ മുടങ്ങുമെന്ന് ടീച്ചർ പറഞ്ഞപ്പോൾ, കുട്ടി തനിക്ക് മാസമുറ ഉണ്ടാകുന്നില്ലെന്ന് കൂട്ടുകാരിയോട് വെളിപ്പെടുത്തി. കൂട്ടുകാരി ടീച്ചറുമായി വിവരം പങ്കുവച്ചു. ഹെഡ്മാസ്റ്റർ ചൈൽഡ് ലൈനിൽ അറിയിച്ചു. അവരുടെ കൗൺസലിംഗിലാണ് കുട്ടി മനസുതുറന്നത്. തുടർന്ന് പൊലീസിൽ അറിയിച്ച് പ്രതിയെ അറസ്റ്റു ചെയ്തു.കുട്ടിയെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധിച്ചു. പരസ്പര വിരുദ്ധമായാണ് കുട്ടി സംസാരിക്കുന്നതെന്നും മറ്റാരെങ്കിലും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു. ഡി.എൻ.എ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.ഏഴ് വർഷം മുമ്പാണ് വാഴക്കുളത്തിനടുത്തുള്ള മദ്രസയിൽ ഷറഫുദീൻ സഹായിയായി എത്തിയത്. പട്ടിമറ്റം കുമ്മനോട് ഭാഗത്താണ് ഇയാൾ വാടകയ്ക്ക് താമസിക്കുന്നത്. തമിഴ്നാട്ടുകാരനാണെങ്കിലും നന്നായി മലയാളം സംസാരിക്കും. അവിവാഹിതനെന്നാണ് പൊലീസിനോട് പറഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇന്ന് കുട്ടിയെ സന്ദർശിക്കുന്നുണ്ട്.