മുംബൈ: വിദ്യാര്‍ത്ഥിനികളെ അപകീര്‍ത്തിപ്പെടുത്തി വാട്സ്ആപ്പിലൂടെ സന്ദേശം അയച്ച എട്ട് സഹപാഠികളെ സ്കൂള്‍ അധികൃതര്‍ സസ്പെന്‍ഡ് ചൈയ്തു. പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിലാണ് 13നും 14നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് നടപടി.
മുംബൈയിലെ ഒരു ഇന്റര്‍നാഷണല്‍ സ്കൂളിലാണ് സംഭവം . രണ്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കുട്ടികളുടെ ലൈംഗിക ചുവ യുള്ള സന്ദേശങ്ങള്‍ കാണുകയായിരുന്നു. സംഭവം മാതാപിതാക്കള്‍ സ്കൂള്‍ അധികൃതരെ അറിയിച്ചു. ഇത്തരം പരാമര്‍ശങ്ങള്‍ കാരണം ചില പെണ്‍കുട്ടികള്‍ മനോവേദനമൂലം സ്കൂളില്‍ പോകാന്‍ മടി കാണിച്ചതായാണ് വിവരം.
നൂറില്‍ അധികം പേജ് വരുന്നതാണ് വിദ്യാര്‍ത്ഥികളുടെ സന്ദേശങ്ങള്‍. കൂട്ടബലാത്സംഗം, ബലാത്സംഗം തുടങ്ങിയ പദങ്ങളാണ് ചാറ്റില്‍ ഉടനീളം വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചിരുന്നത് . തമാശരൂപേണയും പെണ്‍കുട്ടികളെ മനഃപൂര്‍വ്വം അപമാനിക്കുന്ന തരത്തിലുമാണ് സഹപാഠികളുടെ ചാറ്റുകള്‍. എട്ട് വിദ്യാര്‍ത്ഥികളാണ് ഇതിന് പിന്നില്‍. ബോഡി ഷെയിമിങ്ങ് നടത്തിയും സ്വവര്‍ഗാനുരാഗി തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ചും പെണ്‍കുട്ടികളെ അപമാനിച്ചതായി മാതാപിതാക്കളുടെ പരാതിയിലുണ്ട്
ഒരു രാത്രിക്ക് ക്ലാസിലെ ഏതെല്ലാം പെണ്‍കുട്ടികളെ തെരഞ്ഞെടുക്കും എന്ന് തുടങ്ങിയ ചര്‍ച്ച ദിവസങ്ങളോളം നീണ്ടു നിന്നു. ഇത് പെണ്‍കുട്ടികള്‍ക്കിടയില്‍ വലിയ മനോവേദന സൃഷ്ടിച്ചതായി മാതാപിതാക്കള്‍ വ്യക്തമാക്കുന്നു. രണ്ട് പെണ്‍കുട്ടികളെ കേന്ദ്രീകരിച്ചാണ് പലപ്പോഴും ചര്‍ച്ചകള്‍ നടന്നത്. ഒരു രാത്രി നമുക്ക് ഒരുമിച്ച് പോയി അവളെ കൂട്ടബലാത്സംഗം ചെയ്യാം എന്നിങ്ങനെ പെണ്‍കുട്ടികളെ അപമാനിക്കുന്ന നിരവധി ലൈംഗികച്ചുവയോടെയുളള ചാറ്റുകളാണ് ഗ്രൂപ്പിലുള്ളത്. പെണ്‍കുട്ടികള അപമാനിക്കുന്ന ഈ സന്ദേശങ്ങളില്‍ ഒന്ന് ഒരു രക്ഷകര്‍ത്താവ് മാതാപിതാക്കളുടെ ഗ്രൂപ്പിലേക്ക് കൈമാറിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.