കെ സുരേന്ദ്രനെ ബ്ലാക് മെയിൽ ചെയ്യുന്നുണ്ടോയെന്ന് സംശയം .ബിജെപി നേതൃത്വത്തിനെതിരെ കടുത്ത ആരോപണം ഉന്നയിച്ചു നേതാക്കളുടെ വാർത്ത സമ്മേളനം . കാസർകോട് ബി ജി പിയിലെ യുദ്ധം തുടരുന്നു .
കാസർകോട് : ബിജെപി നേതൃത്വത്തിനെതിരെ കടുത്ത ആരോപണം തുടരുന്നതിനിടയിലെ പാർടിയിലെ ഒരു വിഭാഗം രംഗത്തുവന്നു . കുമ്പള പഞ്ചായത് സ്റ്റാൻഡിങ് കമിറ്റി തെരഞ്ഞെടുപ്പുമായുള്ള വിഷയത്തിൽ അന്നത്തെ സംസ്ഥാന സമിതി അംഗം സുരേഷ് കുമാർ ഷെട്ടി, ജില്ലാ പ്രസിഡന്റായിരുന്ന കെ ശ്രീകാന്ത്, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റായിരുന്ന മണികണ്ഠ റൈ എന്നിവർക്കെതിരെ അച്ചടക്കനടപടി എടുക്കണമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
അടുത്തിടെ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ച നഗരസഭ കൗൺസിലർ പി രമേശന്റെ നേതൃത്വത്തിലായിരുന്നു വാർത്താസമ്മേളനം. പലതവണ ആവശ്യപ്പെട്ടിട്ടും ഇവർക്കെതിരെ നടപടിയുണ്ടായില്ല. പാർടി സംരക്ഷിക്കുകയാണ് ചെയ്തത്. കെ സുരേന്ദ്രനെ ഇവർ ബ്ലാക് മെയിൽ ചെയ്യുണ്ടോയെന്ന് സംശയിക്കുന്നതായും പി രമേശ് പറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിൽ ഒമ്പതിന് നടപടി ഉണ്ടാവുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞിരുന്നു, അതുണ്ടായില്ല. ഇപ്പോഴത്തെ കടുത്ത നടപടിക്ക് പ്രേരിപ്പിച്ചത് ജ്യോതിഷിന്റെ മരണമാണെന്നും നേതാക്കൾ പറഞ്ഞു.
അവിശുദ്ധ കൂട്ട് കെട്ടിലൂടെ ലഭിച്ച സ്റ്റാൻഡിങ് കമിറ്റിയിൽ നിന്ന് രാജിവെക്കാനുള്ള തീരുമാനം അംഗീകരിക്കുന്നു. ഇത് തെറ്റ് സമ്മതിച്ചത് പോലെയാണ്. കുമ്പള ഗ്രാമപഞ്ചായതിലെ ബിജെപി അംഗങ്ങൾ പറഞ്ഞത്, സംസ്ഥാന കമിറ്റി അംഗം സുരേഷ് കുമാർ ഷെട്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാൻഡിങ് കമിറ്റി തെരഞ്ഞെടുപ്പിൽ വോട് ചെയ്തതെന്നാണ്. ഇത് കൂടിയാലോചനകളില്ലാതെ നടക്കില്ല. ആരൊക്കെ പങ്കെടുത്തുവെന്ന് അന്വേഷണം വേണം. യുഡിഎഫ്, എൽഡിഎഫ് കക്ഷികളുമായി ബന്ധം പാടില്ലെന്ന സർകുലർ നിലനിൽക്കെ അച്ചടക്കം ലംഘിച്ചവർക്കെതിരെ നടപടി വേണം. ഇവർക്കെതിരെ നടപടി വേണമെന്നത് ജ്യോതിഷിന്റെ ആഗ്രഹമായിരുന്നു.
ഒരു വർഷവും മൂന്ന് മാസവുമായി വിഷയം ഉന്നയിച്ച് പഞ്ചായത് മുതൽ സംസ്ഥാന കമിറ്റി വരെ നിവേദങ്ങൾ നൽകി. ഈ മാസം 15 വൈകീട്ട് അഞ്ച് മണിക്ക് തീരുമാനം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് 10 ന് ജില്ലാ കമിറ്റിക്ക് കത്ത് നൽകിയിരുന്നു. കെ സുരേന്ദ്രൻ വരുമെന്ന പ്രതീക്ഷയിൽ വിഷയം സംസാരിക്കാൻ എത്തിയവർ, സുരേന്ദ്രൻ അവസാനം പരിപാടി ഒഴിവാക്കിയത് മൂലമുണ്ടായ വൈകാരിക പ്രതികരണമാണ് ജില്ലാ കമിറ്റി ഓഫീസിലുണ്ടായ പ്രതിഷേധം. ഇന്നും തങ്ങൾ പാർടിയുടെ ഉറച്ച പ്രവർത്തകരാണ്. നേതാക്കൾ തോന്നിവാസങ്ങൾ നിർത്തി പാർടിയെ മുന്നോട്ട് നയിക്കണം.
പലപ്പോഴും സിപിഎം അനുകൂല നടപടികൾ എടുത്തായാളാണ് കെ ശ്രീകാന്ത്. കുറ്റിക്കോൽ പഞ്ചായത്തിലെ ബിജെപി ഓഫീസിന്റെ സ്ഥലം കബളിപ്പിച്ച് തട്ടിയെടുക്കാൻ ശ്രമിച്ചപ്പോൾ കെ ശ്രീകാന്ത് സിപിഎം അനുകൂല നിലപാട് എടുത്തു. കേന്ദ്ര സർവകലാശാലയിലെ നിയമനത്തിൽ സാമ്പത്തിക ആരോപണമുണ്ടായി. തെരഞ്ഞെടുപ്പ് ഫൻഡ് കണക്കുമായി ബന്ധപ്പെട്ടും ആരോപണമുണ്ട്. മഞ്ചേശ്വരം മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വം ലഭിക്കാതെ വന്നപ്പോൾ പ്രവർത്തകരെ ഇളക്കി വിട്ട് സംസ്ഥാന സംഘടനാ ജനറൽ സെക്രടറിയെ തടഞ്ഞുവെച്ചയാളാണ് ശ്രീകാന്ത്. അദ്ദേഹമാണ് അച്ചടക്ക നടപടിയെ കുറിച്ച് സംസാരിക്കുന്നത്.
പാർടിക്കകത്ത് നിന്ന് ഇനിയും ശക്തമായി മുന്നോട്ട് പോവും. പ്രവർത്തകരുടെ പിന്തുണയാണ് വലുത്. ജില്ലാ കമിറ്റിയിലും ഞങ്ങളോട് മാനസിക പിന്തുണയുള്ളവർ ഉണ്ടാവും. സംസ്ഥാന നേതാക്കളെ തടയുമെന്ന പ്രഖ്യാപനം ഇപ്പോഴും നില നിൽക്കുന്നുവെന്നും നേതാക്കൾ പറഞ്ഞു.
കാസർകോട് മണ്ഡലം സെക്രടറി കെ ശങ്കർ, മുൻ ജില്ലാ കമിറ്റിയംഗം കെ വിനോദൻ, നവീൻ, ലോകേഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.