കവലകളിൽ ഇരുന്ന് സൊറ പറയും കുടുംബം നോക്കിയില്ലെങ്കിൽ ഭർത്താവിനെ ഉപേക്ഷിക്കും, യുക്രെയിൻ സ്ത്രീകളുടെ ജീവിതം വേറെ ലെവലാണ്
ഉക്രെയിനുമായുള്ള യുദ്ധം റഷ്യ പ്രഖ്യാപിച്ചു കഴിഞ്ഞു. ഏറ്റവുമൊടുവിലായി വിവരം ലഭിക്കുമ്പോൾ റഷ്യയുടെ ആക്രമണത്തിൽ യുക്രെയിനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയിട്ടുണ്ടെന്നാണ് സൂചന. ആക്രമണത്തിൽ യുക്രെയിനിലെ വ്യോമ താവളങ്ങൾ ഉൾപ്പടെ റഷ്യ തകർത്തിട്ടുണ്ട്. കര,വ്യോമ,നാവിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം തുടരുന്നത്. ബഹുമുഖ ആക്രമണ പദ്ധതിയാണ് റഷ്യ നടപ്പാക്കുന്നത്.ഭൂമിശാസ്ത്രപരമായി നാറ്റോയുടെ കിഴക്കൻ യൂറോപ്പിലൂടെ റഷ്യയിലേക്കുള്ള കടന്നുകയറ്റ പാതയാണ് യുക്രെയിൻ. കിഴക്കൻ യൂറോപ്പിലെ മറ്റ് രാജ്യങ്ങളെപ്പോലെ, യുക്രെയിൻ – നാറ്റോയിൽ ചേരുന്നത്, റഷ്യയുടെ നിലനില്പിന്റെ പ്രശ്നമാണ്. അമേരിക്കൻ നേതൃത്വത്തിൽ നാറ്റോ, മിസൈൽ ഉൾപ്പെടെയുള്ള സൈനിക സന്നാഹങ്ങൾ യുക്രെയിനിൽ കേന്ദ്രീകരിക്കുന്നത് റഷ്യയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്. ചരിത്രപരമായും സാംസ്കാരികമായും യുക്രെയിൻ തങ്ങളുടെ ഭാഗമാണെന്നാണ് റഷ്യയുടെ വാദം. സോവിയറ്റ് യൂണിയന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന സ്വാധീനവും സുരക്ഷയുമാണ് യുക്രെയിൻ പടയൊരുക്കത്തിലൂടെ റഷ്യ ലക്ഷ്യമിടുന്നത്. യുക്രെയിൻ ഒരിക്കലും നാറ്റോയുടെ അംഗമാകരുതെന്നും കിഴക്കൻ യൂറോപ്പിലെ രാജ്യങ്ങളായ പോളണ്ടിലും റുമേനിയയിലും റഷ്യയെ ലക്ഷ്യമിട്ട് വിന്യസിച്ചിരിക്കുന്ന മിസൈൽ ഉൾപ്പെടെയുള്ള സൈനിക സന്നാഹങ്ങൾ പിൻവലിക്കണമെന്നുമാണ് റഷ്യൻ ആവശ്യം. പുടിൻ വിഭാവനം ചെയ്യുന്ന റഷ്യൻ സുരക്ഷ, യുക്രെയിനെ വരുതിയിലാക്കുന്നതോടു കൂടി സാദ്ധ്യമാകും. മാത്രവുമല്ല പടയൊരുക്കം റഷ്യയുടെ അഭിമാനത്തിന്റെയും അതിലൂന്നി പുടിന്റെ അധികാര തുടർച്ചയുടെയും പ്രശ്നമാണ്.ഇതൊക്കെയാണെങ്കിലും യുക്രെയിനിലെ ഗ്രാമാന്തരീക്ഷം തികച്ചും വ്യത്യസ്തമാണ്. കൃഷി ചെയ്തും, കന്നുകാലികളെ വളർത്തിയുമാണ് ഗ്രാമീണർ അന്നന്നത്തെ വക കണ്ടെത്തുന്നത്. ഇന്ത്യയിൽ നിന്നും വിഭിന്നമായി സ്ത്രീകൾക്ക് ഏറെ പ്രാധാന്യം നൽകുന്ന രാജ്യമാണ് യുക്രെയിൻ. ഓരോ വീട്ടിലും സ്ത്രീകൾ തന്നെയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ഇവിടെ പുരുഷന്മാർ സ്ത്രീകളെയല്ല, സ്ത്രീകൾ പുരുഷന്മാരെയാണ് ഉപേക്ഷിക്കുന്നത്. എന്നാൽ കാരണം എല്ലായിടത്തും ഒന്നുതന്നെ. മദ്യപാനവും കുടുംബത്തെ നോക്കാത്തതുമൊക്കെ തന്നെയാണ് യുക്രെയിനിലെ സ്ത്രീകളെ അതിന് പ്രേരിപ്പിക്കുന്നത്. കുടുംബനാഥകളായ സ്ത്രീകളെ പുരുഷന്മാർ വളരെയധികം ബഹുമാനിക്കുന്നുണ്ട്.നമ്മുടെ നാട്ടിൽ, കവലകളിൽ ആണുങ്ങൾ കൂടിയിരുന്ന് സൊറ പറയുന്നത് പണ്ടുമുതലേയുള്ള കാഴ്ചയാണ്. യുക്രെയിനിൽ ഇക്കാര്യത്തിൽ സ്ത്രീകളാണ് മുന്നിൽ. ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും മുന്നിൽ സ്ത്രീകൾ പുരുഷന്മാരോടൊപ്പമിരുന്ന് സൗഹൃദ സല്ലാപം നടത്തുന്നത് പതിവ് കാഴ്ചയാണ്.