യുക്രെയിനിൽ റഷ്യ നടത്തുന്നത് ബഹുമുഖ ആക്രമണ പദ്ധതി, കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി, വ്യോമ താവളങ്ങൾ തകർത്തു
കീവ്: യുക്രെയിനിൽ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പതിമൂന്നായി. റഷ്യ നടത്തിയ ഷെൽ ആക്രമണത്തിലാണ് ഏറെപ്പേർ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. യുക്രെയിൻ തലസ്ഥാനമായ കീവിൽ തുടർ സ്ഫോടനങ്ങൾ കേൾക്കുന്നതായാണ് വാർത്താ ഏജൻസികൾ റിപ്പോർട്ടുചെയ്യുന്നത്. ആക്രമണത്തിൽ യുക്രെയിനിലെ വ്യോമ താവളങ്ങൾ ഉൾപ്പടെ റഷ്യ തകർത്തിട്ടുണ്ട്. കര,വ്യോമ,നാവിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം തുടരുന്നത്. ബഹുമുഖ ആക്രമണ പദ്ധതിയാണ് റഷ്യ നടപ്പാക്കുന്നത്.കിഴക്കൻ മേഖലയിൽ റഷ്യ കനത്ത ഷെല്ലാക്രമണം നടത്തുന്നുവെന്ന് യുക്രെയിൻ ബോർഡർ ഗാർഡ് ഏജൻസി അറിയിച്ചു. ആറ് നഗരങ്ങളിലെ വ്യോമസേനാ താവളങ്ങളിൽ റഷ്യൻ സൈന്യം ആക്രമണം നടത്തി. യുക്രെയിനിന്റെ സൈനിക കേന്ദ്രങ്ങളും അതിർത്തിയിലെ പോസ്റ്റുകളും ആക്രമിക്കപ്പെട്ടു.അതേസമയം, തിരിച്ചടിക്കാൻ സൈന്യം നടപടി ആരംഭിച്ചുവെന്ന് യുക്രെയിൻ വ്യക്തമാക്കി. രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും വീടുകളിൽ തന്നെ കഴിയണമെന്നും യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അറിയിച്ചു. റഷ്യ ലക്ഷ്യം വയ്ക്കുന്നത് സൈനിക കേന്ദ്രങ്ങളെയാണ്. തിരിച്ചടിയുടെ ഭാഗമായി അഞ്ച് റഷ്യൻ വിമാനങ്ങൾ യുക്രെയിൻ വെടിവച്ചിട്ടു. ഒരു ഹെലികോപ്ടറും തകർത്തു.
2022അതിനിടെ റഷ്യക്കെതിരെ ഉപരോധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് അമേരിക്ക. ഇതിനായി ജി7 രാഷ്ട്രത്തലവൻമാരുമായി കൂടിക്കാഴ്ച നടത്തും. ആക്രമണം എത്രയും വേഗം അവസാനിപ്പിക്കാൻ റഷ്യയോട് യു എൻ ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യയുടെ ആക്രമണം നേരിടാൻ ലോകത്തോട് യുക്രെയിൻ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി സംസാരിച്ചു. റഷ്യയ്ക്ക് മേൽ കടുത്ത ഉപരോധം ഏർപ്പെടുത്തണം, റഷ്യയെ ഒറ്റപ്പെടുത്തണം, സാമ്പത്തിക സഹായം നൽകണം, ആയുധങ്ങൾ നൽകണം, മനുഷ്യത്വപരമായ പിന്തുണ നൽകണം എന്നീ ആവശ്യങ്ങൾ യുക്രെയിൻ ലോക രാഷ്ട്രങ്ങളോട് അഭ്യർത്ഥിച്ചു.