ഭീതി വിതച്ച ഉക്രൈനിൽ നിന്ന് കാസർകോട്ടെ 6 മെഡികൽ വിദ്യാർഥികൾ നാടിന്റെ സുരക്ഷിതത്വത്തിലേക്ക്
കാസർകോട്: യുദ്ധഭീതി വിതച്ച ഉക്രൈനിൽ നിന്ന് കാസർകോട്ടെ ആറ് പേരടക്കം മെഡികൽ വിദ്യാർഥികളുടെ സംഘം നാടിന്റെ സുരക്ഷിതത്വത്തിലേക്ക്. ഇവരെയും വഹിച്ചുള്ള വിമാനം വ്യാഴാഴ്ച ബെംഗ്ളൂറിലെത്തും. മുളിയാർ ഇരിയണ്ണി, കാസർകോട് നഗരസഭയിലെ ആർ ഡി നഗർ, ചെമ്മനാട് പഞ്ചായത്തിലെ പെരുമ്പള ചട്ടഞ്ചാൽ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് ഉക്രൈനിൽ മെഡികൽ പഠനം നടത്തുന്നത്.
ഉക്രൈനില്‍ നിന്ന് ഇൻഡ്യൻ വിദ്യാര്‍ഥികള്‍ ഉടന്‍ മടങ്ങണമെന്ന് ഇൻഡ്യൻ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ഥികളുടെ സുരക്ഷ പരിഗണിച്ചാണ് നിര്‍ദേശം. ഇന്ത്യയിലേക്ക് മടങ്ങാന്‍ കൂടുതല്‍ വിമാന സര്‍വീസുകളും സജ്ജമാക്കിയിട്ടുണ്ട്. 18,000ത്തിലേറെ ഇൻഡ്യൻ വിദ്യാര്‍ഥികളുണ്ട് ഉക്രൈനില്‍. അതില്‍ 3000 പേര് മലയാളികളാണ്. മെഡികല്‍ പഠനത്തിലാണ് കൂടുതല്‍ പേരും. 242 വിദ്യാര്‍ഥികളുമായി ഒരു സംഘം ബുധനാഴ്ച പുലര്‍ചെ ന്യൂഡെല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ എത്തിയിരുന്നു.
ഒരുവേള യുക്രൈനിലെ യൂനിവേഴ്സിറ്റി അധികൃതർ വ്യക്തമായ വിവരങ്ങൾ നൽകാത്തതിനാൽ വിദ്യാർഥികൾക്ക് പഠനം നഷ്ടമാവുമെന്ന ആശങ്കയുളവാക്കിയിരുന്നു. 12 ലക്ഷം രൂപ ചിലവിൽ എംബിബിഎസ് പഠനം ലക്ഷ്യമിട്ടാണ് ഭൂരിഭാഗം വിദ്യാർഥികളും യുക്രൈയിനിലെത്തിയത്. തലസ്ഥാനമായ കീവിലടക്കം ഉക്രൈനിലെ ആറ് പ്രദേശങ്ങളില്‍ റഷ്യയുടെ ഷെലാക്രമണം നടക്കുന്നതായി വ്യാഴാഴ്ച രാവിലെ റിപോർടുകൾ പുറത്തുവരുന്ന സാഹചര്യത്തിൽ കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുമെന്നാണ് കരുതുന്നത്.