ഉയർന്ന കെട്ടിടത്തിന് മുകളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നതിനിടെ റഷ്യയുടെ ബോംബാക്രമണം, മാദ്ധ്യമപ്രവർത്തകന്റെ വീഡിയോ വൈറൽ
കീവ്: റിപ്പോർട്ടിംഗിനിടെ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി അന്താരാഷ്ട്ര മാദ്ധ്യമമായ സി എൻ എന്നിന്റെ റിപ്പോർട്ടർ. ഇന്ന് അതിരാവിലെ റഷ്യൻ അധിനിവേശത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനിടെ അതിഭയങ്കര ശബ്ദം കേട്ടുവെന്ന് മാദ്ധ്യമപ്രവർത്തകനായ മാത്യു ചാൻസ് പറയുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പുലർച്ചെ 5.50ന് രാജ്യത്തെ അഭിസംബോധന ചെയ്ത് മിനിട്ടുകൾക്ക് ശേഷമാണ് പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി മാത്യു ചാൻസ് പറയുന്നത്. യുക്രെയിനിന്റെ തലസ്ഥാനമായ കീവിൽ നിന്ന് റിപ്പോർട്ടിംഗ് ചെയ്യുകയായിരുന്നു മാത്യു. എട്ടോളം സ്ഫോടന ശബ്ദങ്ങൾ കേട്ടുവെന്ന് മാത്യു വെളിപ്പെടുത്തുന്നു.
2022വലിയ സ്ഫോടനങ്ങൾ നടക്കുകയാണ് ഇവിടെ. എനിക്കവ കാണാൻ സാധിക്കാത്തതിനാൽ എന്താണവയെന്ന് പറയാൻ സാധിക്കില്ല. വ്യോമാക്രമണങ്ങളും കരയിലൂടെയുള്ള ആക്രമണങ്ങളും ഉണ്ടാകുമെന്ന് അമേരിക്ക യുക്രെയിനിന് മുന്നറിയിപ്പ് നൽകിയിരുന്നു. പുടിന്റെ അഭിസംബോധനയ്ക്ക് പിന്നാലെയാണ് സ്ഫോടനങ്ങൾ നടന്നത്. ഇവിടെ മുഴുവൻ നല്ല നിശബ്ദതയായിരുന്നു. പിന്നാലെയാണ് ഭീകരമായ പൊട്ടിത്തെറി ശബ്ദങ്ങൾ കേട്ടതെന്നും മാത്യു ചാൻസ് പറഞ്ഞു. തുടർന്ന് മാത്യു സുരക്ഷ മുൻനിർത്തി ഹെൽമറ്റ് അണിയുന്നതും ജാക്കറ്റ് ഇടുന്നതും ദൃശ്യങ്ങളിൽ കാണാം.അതേസമയം, യുക്രെയിനിൽ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. യുക്രെയിനിന്റെ വ്യോമതാവളങ്ങൾ തകർത്തു. പിടിച്ചുനിൽക്കാൻ യുക്രെയിൻ പ്രത്യാക്രമണവും ആരംഭിച്ചിരിക്കുകയാണ്. റഷ്യയുടെ അഞ്ച് വിമാനങ്ങളും ഒരു ഹെലികോപ്ടറും തകർത്തു. കര,വ്യോമ,നാവിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് റഷ്യൻ ആക്രമണം തുടരുകയാണ്. ബഹുമുഖ ആക്രമണ പദ്ധതിയാണ് റഷ്യ നടപ്പാക്കുന്നത്.റഷ്യയുടെ ആക്രമണം നേരിടാൻ ലോകത്തോട് യുക്രെയിൻ സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ്. പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി സംസാരിച്ചു. റഷ്യയ്ക്ക് മേൽ കടുത്ത ഉപരോധം ഏർപ്പെടുത്തണം, റഷ്യയെ ഒറ്റപ്പെടുത്തണം, സാമ്പത്തിക സഹായം നൽകണം, ആയുധങ്ങൾ നൽകണം, മനുഷ്യത്വപരമായ പിന്തുണ നൽകണം എന്നീ ആവശ്യങ്ങൾ യുക്രെയിൻ ലോക രാഷ്ട്രങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.