യുക്രെയിനിലേത് മൂന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കം? റഷ്യയുടെ ആവനാഴിയിലുള്ളത് അമേരിക്ക പോലും ഭയക്കുന്ന അതിവിനാശകാരിയായ ആയുധങ്ങളുടെ വൻ ശേഖരം
മോസ്കോ: മൂന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കമാണോ റഷ്യയും യുക്രെയിനും തമ്മിലുള്ള യുദ്ധം? റഷ്യക്കെതിരെ ശക്തമായ സൈനിക നടപടി എന്ന അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ പ്രഖ്യാപനവും സൈനിക നീക്കത്തിനെതിരെ ബാഹ്യ ശക്തികൾ ഇടപെട്ടാൽ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നുള്ള പുടിന്റെ മറുപടിയും ലോകം കടുത്ത ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ഏത് തരത്തിലുള്ള ആയുധവും ഉപയോഗിക്കുമെന്നും പുടിൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ലോകത്തെ രണ്ടാമത്തെ സൈനിക ശക്തിയാണ് റഷ്യ. യുക്രെയിനാവട്ടെ 22-ാമത്തെ സൈനിക ശക്തിയും. നാറ്റോ സഖ്യം സഹായിച്ചില്ലെങ്കിൽ വൻ ശക്തിയായ റഷ്യയുടെ മുന്നിൽ ഏതാനും മണിക്കുറുകൾ പോലും പിടിച്ചുനിൽക്കാൻ യുക്രെയിന് ആവില്ല. കരമാർഗവും ആക്രമണം തുടങ്ങിയ റഷ്യൻ സൈന്യത്തിന്റെ പ്രധാന കരുത്ത് എട്ടര ലക്ഷത്തോളം വരുന്ന സൈനികർ തന്നെയാണ്. എന്നാൽ യുക്രെയിനുള്ളത് കഷ്ടിച്ച് രണ്ടുലക്ഷം സൈനികർ മാത്രം. ഇവരിൽ തന്നെ അത്യന്താധുനിക ആയുധങ്ങൾ പ്രയോഗിക്കാൻ പരിശീലനം നേടിയവർ വളരെ കുറവ്. ഒരുലക്ഷത്തോളം റഷ്യൻ സൈനികരാണ് യുക്രെയിൻ അതിർത്തിയിൽ മാത്രം തമ്പടിച്ചിരിക്കുന്നത്. ഇതിൽ വളരെ കുറച്ചുപേർ മാത്രമാണ് യുക്രെയിനിലേക്ക് പ്രവേശിച്ചത്.സൈനികരുടെ എണ്ണതിന്റെ കാര്യത്തിൽ മാത്രമല്ല യുദ്ധവിമാനങ്ങളുടെയും ഹെലികോപ്ടറുകളുടെയും വിനാശകാരികളായ ആയുധങ്ങളുടെ കാര്യത്തിലും റഷ്യ തന്നെയാണ് ഏറെ മുന്നിൽ. റഷ്യയ്ക്ക് 4173 യുദ്ധവിമാനങ്ങള്‍ ഉള്ളപ്പോള്‍ യുക്രെയിനുള്ളത് വെറും 318 എണ്ണം മാത്രമാണ്. ഇതിൽ ആക്രമണ വിമാനങ്ങൾ റഷ്യയ്ക്ക് 772 എണ്ണവും യുക്രെയിന് 69 എണ്ണവും ഉണ്ട്. ആക്രമണ ഹെലികോപ്ടറുകളും മൂന്നാം തലമുറ യുദ്ധടാങ്കുകളും റഷ്യയുടെ പക്കൽ ആവശ്യത്തിലധികം ഉണ്ട്. രകുഷ്ക കവചിത വാഹനം, ഇസ്കാന്‍ഡര്‍ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍, ഉറാഗന്‍ എം റോക്കറ്റ് ലോഞ്ചര്‍ എന്നിവയാണ് റഷ്യയുടെ ആവനാഴിയിലെ കരുത്തുറ്റ ആയുധങ്ങളിൽ ചിലത്. ഇതിനൊപ്പം ലോകം ഒരുനിമിഷം കൊണ്ട് ഭസ്മീകരിക്കാൻ ശേഷിയുള്ള ആണവായുധങ്ങളുടെ വൻ ശേഖരവും റഷ്യയുടെ പക്കലുണ്ട്.എട്ടുവർഷമായി അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ രാജ്യങ്ങൾ 250 കോടി ഡോളറിന്റെ സൈനിക സഹായമാണ് യുക്രെയിനുവേണ്ടി നൽകിയത്. ഇതിൽ ഭൂരിപക്ഷവും ആയുധങ്ങളായിരുന്നു. റഷ്യയുമായി പിടിച്ചുനിൽക്കാൻ യുക്രെയിൻ സൈന്യത്തിന് അല്പമെങ്കിലും കരുത്ത് നൽകുന്നത് ഇവയാണ്.ലക്ഷ്യസ്ഥാനം സ്വയം കണ്ടെത്തി കുതിക്കുന്ന ഓട്ടമാറ്റിക് യുഎസ് നിര്‍മിത മിസൈലുകൾ, ടാങ്ക് വേധ മിസൈലുകൾ, സ്നൈപ്പര്‍ റൈഫിള്‍സ്, നിരീക്ഷണ ഡ്രോണുകള്‍, റഡാറുകള്‍, രാത്രി കാഴ്ച ഉപകരണങ്ങള്‍, റേഡിയോ സംവിധാനം എന്നിവയാണ് തങ്ങളുടെ അംഗ രാജ്യമല്ലാത്ത യുക്രെയിന് നാറ്റോ പിൻവാതിലിലൂടെ നൽകിയത്. ഇവയിൽ പലതും കാര്യക്ഷമമായി ഉപയോഗിക്കാൻ യുക്രെയിൻ സൈന്യത്തിന് ശരിയായ പരിശീലനം കിട്ടിയിട്ടില്ലെന്നത് ഒരു നഗ്ന സത്യം മാത്രമാണ്.തങ്ങൾ ആദ്യം ആണവായുധങ്ങൾ ഒരിക്കലും പ്രയോഗിക്കില്ലെന്ന് അമേരിക്ക പല അവസരങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ നാറ്റോ ആക്രമണം തുടങ്ങിയാൽ തിരിച്ചടിക്കാൻ ഒരു പക്ഷേ റഷ്യ ആണവായുധങ്ങൾ പ്രയോഗിച്ചേക്കും എന്നുതന്നെയാണ് പലരും കരുതുന്നത്. അങ്ങനെവന്നാൽ അതേ നാണയത്തിൽ തന്നെ അമേരിക്ക ഉൾപ്പടെയുള്ള നാറ്റോയും ശ്രമിച്ചേക്കും.