സി പി എം പഞ്ചായത്ത് അംഗം രാജിവച്ചു; സ്ഥാനമൊഴിഞ്ഞത് ആർ എസ് എസ് നേതാവിനെ വിവാഹം ചെയ്തതിന് പിന്നാലെ
കോഴിക്കോട്: ആർഎസ്എസ് നേതാവിനെ വിവാഹം ചെയ്തതിന് പിന്നാലെ സിപിഎം പഞ്ചായത്ത് അംഗം രാജിവച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ശ്രീലക്ഷ്മി കൃഷ്ണയാണ് രാജിവച്ചത്. കണ്ണൂർ ഇരിട്ടിയിലെ ആർഎസ്എസ് ശാഖ മുൻ മുഖ്യശിക്ഷകിനെയാണ് യുവതി വിവാഹം കഴിച്ചത്.രണ്ട് ദിവസം മുൻപ് ശ്രീലക്ഷമിയെ കാണാതായിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. ചൊവ്വാഴ്ച ശ്രീലക്ഷ്മിയും ആർഎസ്എസ് നേതാവും പയ്യോളി പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. ഇതിനുപിന്നാലെയാണ് രാജിവച്ചത്.2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് സിപിഎം സ്ഥാനാർത്ഥിയായ ശ്രീലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടത്. 526 വോട്ടിനാണ് ബിജെപി സ്ഥാനാർത്ഥിയെ തോൽപിച്ചത്. പതിനേഴ് വാർഡുകളാണ് തിക്കോടി പഞ്ചായത്തിലുള്ളത്. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് എൽഡിഎഫ് ഈ സീറ്റ് പിടിച്ചെടുത്തത്. മെമ്പർ രാജിവെച്ചതോടെ തക്കോടിയിലെ അഞ്ചാം വാർഡിൽ വീണ്ടും ഉപതെരെഞ്ഞെടുപ്പിന് കളമൊരുങ്ങി.