കണ്ണൂരിലെ സി പി എം പ്രവർത്തകന്റെ കൊലപാതകം: അരുംകൊലയ്ക്ക് തൊട്ടുമുമ്പ് പ്രതിയായ ബി ജെ പി നേതാവ് പൊലീസുകാരനെ ഫോൺ വിളിച്ചു, നിർണായക തെളിവുകൾ പുറത്ത്
കണ്ണൂർ: പുന്നോലിൽ സി.പി.എം പ്രവർത്തകൻ ഹരിദാസനെ വെട്ടിക്കൊല്ലുന്നതിന് തൊട്ടു മുൻപ് മുഖ്യപ്രതിയും ബി.ജെ.പി നേതാവുമായ കെ. ലിജേഷ് വിളിച്ചത് കണ്ണവം സ്റ്റേഷനിലെ പൊലീസുകാരനെയാണെന്ന് തെളിഞ്ഞു.വാട്സ്ആപ്പ് കോളിൽ നാല് മിനിറ്റ് നേരം പ്രതി സ്റ്റേഷനിലെ പൊലീസുകാരനുമായി സംസാരിച്ചതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചത് കേസിലെ പ്രധാന തെളിവായി മാറിയിരിക്കുകയാണ്.
റിമാൻഡിലായ പ്രതിയുടെ മൊബൈൽഫോൺ പരിശോധിച്ചപ്പോഴാണ് പൊലീസുകാരനെ തിങ്കളാഴ്ച പുലർച്ചെ ഒരുമണിക്ക് വിളിച്ച കാര്യം ശ്രദ്ധയിൽപെട്ടത്. ഇതിന് ശേഷമാണ് പ്രതികൾ ഒന്നിച്ച് ജോലിചെയ്യുന്ന സുനേഷ് എന്ന മണിയെ വിളിച്ച് ഹരിദാസ് മത്സ്യബന്ധനം കഴിഞ്ഞ് ഹാർബറിൽ തിരിച്ചെത്തിയതായി മനസിലാക്കിയതും കൊലയാളി സംഘത്തിന് വിവരം കൊടുത്തതും. ഇതിന്റെ ഭാഗമായി പൊലീസുകാരനെ അന്വേഷണസംഘം വിളിച്ചുവരുത്തി ചോദ്യംചെയ്യുകയും മൊബൈൽ ഫോൺ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വാട്സ്ആപ്പ് കോൾ വീണ്ടെടുക്കാൻ പൊലീസ് സൈബർ സെൽ വിദഗ്ദ്ധരുടെ സഹായം തേടിയിട്ടുണ്ട്. അബദ്ധത്തിൽ ബി.ജെ.പി നേതാവിൽ നിന്നും മാറി വന്ന കാൾ ഹരിദാസൻ വധക്കേസിൽ നിർണായക തെളിവായി മാറിയിരിക്കുകയാണ്.