തിരുവനന്തപുരം: ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിട്ടും കളിക്കാനാകാത്തതില്‍ നിരാശയില്ലെന്ന് സഞ്ജു സാംസണ്. ഇന്ത്യന്‍ ടീമിലേക്ക് വീണ്ടും പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും രഞ്ജിയില്‍ സെഞ്ച്വറി കുറിച്ചതിന് പിന്നാലെ സഞ്ജു പറഞ്ഞു. ഇപ്പോള്‍ ടീമിലുള്ള എല്ലാവരും നന്നായി കളിക്കുന്നു. മനീഷ് പാണ്ഡെയെപ്പോലെ ഒരാള്‍ അവസരം കിട്ടാതെ പുറത്തിരിക്കുന്നു. വീണ്ടും അവസരം വരുമെന്ന വിശ്വാസമുണ്ട്.
കരിയറിലെ ഏറ്റവും മികച്ച കളിയാണ് ഇപ്പോള്‍ താന്‍ കളിക്കുന്നതെന്നും സെലക്ടര്‍മാര്‍ പരിഗണിക്കുന്നത് എന്തൊക്കെ ഘടകങ്ങളാണെന്നു പറയാനാകില്ല. രഞ്ജി ഉള്‍പ്പെടെ എല്ലാ മത്സരങ്ങളും അവര്‍ കാണുന്നുണ്ട്. ഓരോ അവസരവും പ്രധാനപ്പെട്ടതാണെന്നും സഞ്ജു വിശദീകരിച്ചു. വേഗം കൂടിയ പിച്ചില്‍ തുടര്‍ച്ചയായി പരിശീലനം നടത്തിയതുകൊണ്ട് ഇന്നലെ ഇന്നിങ്സിന്റെ തുടക്കത്തില്‍ പതറി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി വെസ്റ്റിന്‍ഡീസിനെതിരെ ഹൈദരാബാദിലെ ആദ്യ ട്വന്റി 20 തുടക്കത്തില്‍ ഇതേ അവസ്ഥയിലായിരുന്നു. പിന്നീട് 91 റണ്‍സ് നേടി. ആ ഇന്നിങ്സ് മനസ്സില്‍ക്കണ്ടാണ് പിന്നീടു കളിച്ചത്. എന്റെ സ്വാഭാവികശൈലിയില്‍ കളിക്കാന്‍ കഴിഞ്ഞില്ല. സെഞ്ച്വറിയടിക്കാന്‍ കഴിയുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നും 300 റണ്‍സ് നേടാനായാല്‍ കേരളത്തിനു മേല്‍ക്കൈ ലഭിക്കുമെന്നും സഞ്ജു പറഞ്ഞു.