രണ്ടര വയസുകാരിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചു; സത്യമറിയാൻ ഒമ്പതുവയസുകാരന് പിന്നാലെ അന്വേഷണ സംഘം
കൊച്ചി: ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ കഴിയുന്ന രണ്ടര വയസുകാരിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്ന് പുലർച്ചെയാണ് ഇരുവരും കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.അതേസമയം, രണ്ടര വയസുകാരിക്ക് എങ്ങനെയാണ് അപകടമുണ്ടായതെന്ന കാര്യത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. കുട്ടിയുടെ അമ്മ സൗമ്യയും അമ്മൂമ്മ സരസുവും പറയുന്നതിലെ പൊരുത്തക്കേടുകളാണ് ഇപ്പോഴും സംഭവത്തിൽ അവ്യക്തത തുടരാനുള്ള കാരണം. മകൾ മുതിർന്നവരെപ്പോലെ സംസാരിക്കുകയും സ്വയം ദേഹത്ത് മുറിവുകൾ വരുത്തുകയും ചെയ്തിരുന്നതായി ഇരുവരും ആവർത്തിക്കുന്നു. ഇവർക്കൊപ്പം താമസിച്ചിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂരിൽ നിന്നുമാണ് ടിജിനെ കസ്റ്റഡിയിൽ എടുത്തത്.കുട്ടിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്. വെന്റിലേറ്ററിന്റെ സഹായം മാറ്റി. കഴിഞ്ഞ 48 മണിക്കൂറിനിടെ അപസ്മാരമോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടായിട്ടില്ല. ശ്വാസമെടുക്കുന്നതും ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിലാണ്. ട്യൂബ് വഴി ആഹാരം നൽകാനുള്ള ശ്രമത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.സൗമ്യയുടെ സഹോദരി സ്മിതയുടെ ഒമ്പതുകാരനായ മകനെ കൗൺസലിംഗിന് വിധേയമാക്കി ദുരൂഹതയുടെ ചുരുളഴിക്കാനൊരുങ്ങുകയാണ് പൊലീസ്. ഒളിവിൽ കഴിയുന്ന സ്മിതയ്ക്കൊപ്പമാണ് കുട്ടി. ടിജോയും സരസുവും തമ്മിലുള്ള ഫോൺ ശബ്ദരേഖയിൽ തങ്ങൾ ഇടപ്പള്ളിയിലുണ്ടെന്ന് കൊച്ചുമകൻ മുത്തശ്ശിയോട് പറയുന്നുണ്ട്.