പ്രിയ നടിയെ അവസാനമായി കാണാൻ ജനപ്രവാഹം തുടരുന്നു; ഭൗതിക ശരീരം വടക്കാഞ്ചേരി നഗരസഭയിൽ പൊതുദർശനത്തിനെത്തിച്ചു
തൃശൂർ: നായികയായും അമ്മയായും അമ്മൂമ്മയായും മലയാള സിനിമാ പ്രേമികളെ വിസ്മയിപ്പിച്ച കെപിഎസി ലളിതയെ അവസാനമായി ഒരുനോക്ക് കാണാൻ പൊതുദർശനത്തിന് വച്ചയിടങ്ങളിലെല്ലാം വൻ ജനപ്രവാഹം. സിനിമാ രംഗത്തെ സഹപ്രവർത്തകരും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തിൽ എത്തി അന്തിമോപചാരമർപ്പിച്ചു.11.30ഓടെ വടക്കാഞ്ചേരിയിലേക്ക് വിലാപയാത്ര ആരംഭിച്ചു. തൃശൂർ സംഗീത നാടക അക്കാഡമി ഹാളിൽ പൊതുദർശനത്തിന് വച്ചു. ഇവിടെയും വൻ ജനപ്രവാഹമായിരുന്നു. ശേഷം കെപിഎസി ലളിതയുടെ ഭൗതിക ദേഹം വടക്കാഞ്ചേരി നഗരസഭയിൽ ഇപ്പോൾ പൊതുദർശനത്തിനായി എത്തിച്ചു. ഇതിന് ശേഷം വടക്കാഞ്ചേരി ഏങ്കക്കാട്ടെ ‘ഓർമ്മ’ എന്ന വീട്ടിലേക്ക് കൊണ്ടുപോകും. വടക്കാഞ്ചേരിയിലെ വീട്ടിൽ സംസ്കാരത്തിനുളള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. അവസാനവട്ടം പ്രിയനടിയെ ഒരുനോക്കുകാണാൻ നഗരസഭാ പ്രദേശത്തും ജനപ്രവാഹമാണ്.ചൊവ്വാഴ്ച രാത്രി 10.45ഓടെ തൃപ്പൂണിത്തുറയിലെ മകൻ സിദ്ധാർത്ഥ് ഭരതന്റെ വീട്ടിൽ വച്ചായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. ഏറെനാളായി കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തനിക്ക് വളരെ വളരെ വേണ്ടപ്പെട്ടയാളാണ് വിടവാങ്ങിയതെന്നാണ് നടൻ മമ്മൂട്ടി കെപിഎസി ലളിതയുടെ നിര്യാണത്തിൽ പ്രതികരിച്ചത്. പുലർച്ചെ തന്നെ വീട്ടിലെത്തിയ മമ്മൂട്ടി അൽപനേരം വീട്ടിൽ ചിലവഴിച്ച ശേഷമാണ് മടങ്ങിയത്. നടൻ പൃഥ്വിരാജ് അമ്മ മല്ലികാ സുകുമാരനൊപ്പമെത്തി അന്തിമോപചാരമർപ്പിച്ചു. ജയസൂര്യ, മനോജ്.കെ ജയൻ എന്നിവരും പിന്നാലെയെത്തി ആദരവർപ്പിച്ചു
സാംസ്കാരിക മന്ത്രി സജി ചെറിയാൻ 11 മണിയോടെ അന്തിമോപചാരമർപ്പിച്ചു. മരണവിവരമറിഞ്ഞ് വൈകാതെ തന്നെ നടന്മാരായ മോഹൻലാൽ, മമ്മൂട്ടി, രഞ്ജി പണിക്കർ, രമേഷ് പിഷാരടി, ഫഹദ് ഫാസിൽ, ദിലീപ്, കാവ്യാ മാധവൻ, സംവിധായകന്മാരായ ഷാജി കൈലാസ്, ബി.ഉണ്ണിക്കൃഷ്ണൻ തുടങ്ങി നിരവധി പ്രമുഖർ കെപിഎസി ലളിതയുടെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു.ഭർത്താവും സംവിധായകനുമായ ഭരതന്റെ വീടായ വടക്കാഞ്ചേരി ഏങ്കക്കാട്ടെ ‘ഓർമ്മ’യിൽ അൽപസമയത്തിനകം മലയാളത്തിന്റെ മഹാനടിയുടെ സംസ്കാരം നടക്കും.