സർക്കാരിന് ആശ്വാസം; കണ്ണൂർ വിസി നിയമനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു
കൊച്ചി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനം ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. കണ്ണൂർ സർവകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചത്. മുമ്പ് സിംഗിൾ ബെഞ്ചും ഈ നിയമനം അംഗീകരിച്ചിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലിലാണ് ഇപ്പോൾ ചീഫ് ജസ്റ്റിസ് എസ് മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളിയിരിക്കുന്നത്. ഇനി ഈ ഉത്തരവ് ചോദ്യം ചെയ്യണമെങ്കിൽ സുപ്രീം കോടതിയെ സമീപിക്കണം.ആദ്യ നിയമനവും പുനർ നിയമനവും സംബന്ധിച്ചുള്ള നിയമപരമായ കാര്യങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ട നിയമപ്രശ്നമാക്കി കോടതി പരിഗണിച്ചത്. ആദ്യ നിയമനത്തിലാണ് പ്രായ പരിധി അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കേണ്ടത്. സെർച്ച് കമ്മിറ്റി അടക്കമുള്ള കാര്യങ്ങൾ വേണ്ടതും ആദ്യ നിയമനത്തിലാണ്. എന്നാൽ പുനർ നിയമനത്തിലും ഇതേ മാനദണ്ഡങ്ങൾ പിന്തുടരണമെന്നാണ് ഹർജിക്കാരുടെ വാദം. ഇതാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയത്.ചീഫ് ജസ്റ്റിസ് എസ് മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ കണ്ടെത്തൽ പ്രകാരം ഡോ. ഗോപിനാഥ് രവീന്ദ്രന്റേത് നിയമപരമായി സാധുതയുള്ല നിയമനമാണ്. എജി, സർക്കാർ എന്നിവർ നൽകിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം എന്നാണ് ചാൻസലർ കൂടിയായ ഗവർണറുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.