എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളും മുഖ്യമന്ത്രിക്ക് ഒറ്റപ്പെട്ട സംഭവം, ഓപ്പറേഷൻ കാവലിൽ ചെയ്യുന്നത് ഗുണ്ടകളെ ഗുണദോഷിക്കൽ; വി ഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളെയും അക്രമങ്ങളെയും ഗുണ്ടാവിളയാട്ടത്തെയും ചൊല്ലി നിയമസഭയിൽ ഏറ്റുമുട്ടി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നു. എന്നാൽ അടിയന്തര പ്രമേയം സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതോടെ അടിയന്തര പ്രമേയത്തിനുള്ള അനുമതി സ്പീക്കർ നിഷേധിച്ചു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശൻ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചത്.നമ്മുടെ രാജ്യത്ത് ജീവിക്കാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ മുഖ്യമന്ത്രി ദയനീയമായി പരാജയപ്പെട്ടു. ആരെയും സംരക്ഷിക്കാൻ കഴിയാത്ത സർക്കാരായി പിണറായി സർക്കാർ മാറിയിരിക്കുന്നു. സംസ്ഥാനത്ത് തുടർച്ചയായി കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും നടക്കുന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ഗുണ്ടാ സംഘങ്ങളും മയക്കുമരുന്ന് സംഘങ്ങളും പ്രവർത്തിക്കുന്നു. എന്നാൽ ഇതൊക്കെ ഒറ്റപ്പെട്ട സംഭവമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പിണറായി സർക്കാരിന്റെ കാലത്തെ ഏറ്റവും തമാശയായുള്ള വാക്കാണിത്. എല്ലാ ദിവസവും ഒറ്റപ്പെട്ട സംഭവങ്ങൾ നടക്കുന്നെന്നും വി ഡി സതീശൻ ആരോപിച്ചു.ഇന്നത്തെ പൊലീസിൽ അധികാര ശ്രേണി പ്രവർത്തിക്കുന്നില്ല. ആരാണ് എസ് പിമാരെ നിയമിക്കുന്നത്. ഏരിയ സെക്രട്ടറിമാരാണ് സി ഐമാരെയും എസ് എച്ച് ഒമാരെയും നിയമിക്കുന്നത്. എല്ലാ കാര്യങ്ങളിലും ഇടപെടൽ നടക്കുന്നു. ഗുണ്ടകളെ കാപ്പാ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യാൻ കളക്ടർമാർ തീരുമാനം എടുക്കുന്നില്ല. കാപ്പാ നിയമം നോക്കുകുത്തിയാകുന്നു. ഓപ്പറേഷൻ കാവലിൽ പതിനാലായിരം ഗുണ്ടകളെ ഗുണദോഷിച്ചുവിടുകയാണ് ചെയ്തതെന്നും വി ഡി സതീശൻ വിമർശനമുയർത്തി.