യു പി തിരഞ്ഞെടുപ്പ് നാലാം ഘട്ടത്തിൽ; ബി ജെ പി ചരിത്രം ആവർത്തിക്കുമെന്ന് രാ ജ് നാ ഥ് സിംഗ്, പോളിംഗ് 22.62 ശതമാനം
ലക്നൗ: ഉത്തർപ്രദേശിൽ 59 നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടമാണിന്ന്. ഒൻപത് ജില്ലകളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വൈകിട്ട് ആറ് മണിവരെയാണ് വോട്ട് രേഖപ്പെടുത്താനുള്ള സമയം. കഴിഞ്ഞ തിങ്കളാഴ്ചയാണ് നാലാം ഘട്ട തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിച്ചത്.രാവിലെ 11 മണി വരെ ഒമ്പത് ജില്ലകളിൽ നിന്നായി 22.62 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.59 മണ്ഡലങ്ങളിലായി 624 മത്സരാർത്ഥികളാണുള്ളത്. പിലിഭിറ്റ്, ലഖിംപൂർ ഖേരി, സീതാപൂർ, ഹർദോയി, ഉന്നാവോ, ലക്നൗ, റായ് ബറേലി, ബാന്ധ,ഫത്തേപൂർ എന്നീ ജില്ലകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭയിലെ 403 സീറ്റുകളിലേക്കായി ഏഴ് ഘട്ടങ്ങളിലായാണ് ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ബി ജെ പി ഇരട്ട സെഞ്ചുറിയടിക്കുമെന്നും സ്വന്തം റെക്കോർഡ് തന്നെ തിരുത്തി വിജയിക്കുമെന്നും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ദിനേഷ് ഷർമ വോട്ട് രേഖപ്പെടുത്തിക്കൊണ്ട് പറഞ്ഞു. ബി ജെ പി ചരിത്രം ആവർത്തിക്കുമെന്ന് മാത്രമല്ല ഇത്തവണ സീറ്റുകളുടെ എണ്ണത്തിലും വർദ്ധനവുണ്ടാകുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രിയും ബി ജെ പി നേതാവുമായ രാജ്നാഥ് സിംഗ് പറഞ്ഞു.
ഇത്തവണ ബി ജെ പിയ്ക്ക് 350 സീറ്റുകൾ ലഭിക്കും. വികസനം പ്രാവർത്തികമാക്കി. രാജ്യത്തിന്റെ മുഖമുദ്രയും സംസ്കാരവും പാരമ്പര്യവും നിലനിർത്താൻ പ്രവർത്തനങ്ങൾ എല്ലാ മേഖലയിലും പൂർത്തിയാക്കി. ഇക്കാര്യം ജനങ്ങളും അംഗീകരിച്ചു. എസ് പി, ബി എസ് പി, കോൺഗ്രസ് എന്നീ പാട്ടികൾ ആർട്ടിക്കിൾ 370, 35 എ എന്നിവ പോലെ ചരിത്രത്തിൽ എഴുതപ്പെടുമെന്നും ബി ജെ പി എം എൽ എയും നോയിഡയിൽ നിന്നുള്ള സ്ഥാനാർത്ഥിയുമായ പങ്കജ് സിംഗ് പറഞ്ഞു.