കെ പി എ സി ലളിതയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര തൃശൂരിലേക്ക് പുറപ്പെട്ടു; അനുഗമിച്ച് താരങ്ങൾ, സംസ്കാരം വൈകിട്ട് അഞ്ചിന്
കൊച്ചി: അന്തരിച്ച നടി കെ പി എ സി ലളിതയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തൃപ്പൂണിത്തുറയിൽ നിന്ന് തൃശൂരിലേക്ക് പുറപ്പെട്ടു. സംഗീത നാടക അക്കാഡമിയിൽ കുറച്ച് സമയം പൊതുദർശനത്തിന് വയ്ക്കും. അതിനുശേഷം വടക്കാഞ്ചേരിയിലേക്ക് കൊണ്ടുപോകും.രാവിലെ എട്ട് മണിയോടെയാണ് മൃതദേഹം തൃപ്പൂണിത്തുറയിലെ ലായം ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനുവച്ചത്. മമ്മൂട്ടിയും ജയസൂര്യയും അടക്കമുള്ള താരങ്ങൾ ഇവിടെയെത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു. മോഹൻലാൽ വീട്ടിലെത്തി അനുശോചനം അറിയിച്ചിരുന്നു. 11.15 ഓടെയാണ് മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോയത്. താരങ്ങളും അമ്മ സംഘടനയിലെ ഭാരവാഹികളും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്.കെ പി എ സി ലളിതയുടെ സംസ്കാരം വൈകിട്ട് അഞ്ച് മണിക്ക് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാര ചടങ്ങുകൾ. ഇന്നലെ രാത്രി 10.45 ഓടെ തൃപ്പൂണിത്തുറയിലെ വസതിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ദീർഘനാളുകളായി ചികിത്സയിലായിരുന്നു.നിലവിൽ കേരള സംഗീത നാടക അക്കാഡമി അദ്ധ്യക്ഷയാണ് കെ പി എ സി ലളിത. അന്തരിച്ച പ്രമുഖ സംവിധായകൻ ഭരതന്റെ ഭാര്യയാണ്. അറുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. അമരം, ശാന്തം എന്നീ ചിത്രങ്ങൾക്ക് സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടി. നാലുതവണ സംസ്ഥാന പുരസ്കാരം നേടി. കഥ തുടരും എന്ന ആത്മകഥ രചിച്ചു.
1947 മാർച്ച് പത്തിന് കായംകുളം രാമപുരത്ത് കടയ്ക്കൽ തറയിൽ അനന്തൻ നായരുടെയും ഭാർഗവി അമ്മയുടെയും മകളായി ജനിച്ചു. മഹേശ്വരി എന്നാണ് യഥാർത്ഥ പേര്. 1964ൽ കെ പി എ സിയുടെ നാടകങ്ങളിലൂടെയാണ് കലാരംഗത്ത് സജീവമായത്.പത്താം വയസിൽ ചങ്ങനാശ്ശേരി ഗീഥയുടെ ‘ബലി’യിലൂടെ നാടകരംഗത്തെത്തി. കെ പി എ സിയിൽ എത്തിയതിന് ശേഷമാണ് മഹേശ്വരി കെ പി എ സി ലളിതയാവുന്നത്. തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969 ൽ കെ എസ് സേതുമാധവൻ സിനിമയാക്കിയപ്പോൾ സിനിമയിൽ അരങ്ങേറ്റം കുറിച്ചു.