ഗുണ്ടാവിളയാട്ടവും രാഷ്ട്രീയ കൊലപാതകങ്ങളും വർദ്ധിക്കുന്നു; ഉടൻ ചർച്ച വേണം, അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം
തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും ഗുണ്ടാവിളയാട്ടവും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ചർച്ച ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം. മുസ്ലിം ലീഗ് എം എൽ എ എം ഷംസുദ്ദീൻ ആണ് നോട്ടീസ് നൽകിയത്.കഴിഞ്ഞ ദിവസം കണ്ണൂർ തലശേരി പുന്നോലിൽ സി.പി.എം പ്രവർത്തകൻ ഹരിദാസൻ വേട്ടേറ്റു മരിച്ചത്, അനിയന്ത്രിതമായി വർദ്ധിക്കുന്ന അക്രമങ്ങൾ, ഗുണ്ടാവിളയാട്ടം, സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടാകുന്ന അതിക്രമം എന്നീ വിഷയങ്ങളിൽ ചർച്ച ആവശ്യപ്പെട്ടാണ് പ്രതിപക്ഷം നോട്ടീസ് നൽകിയത്. സമീപകാലത്തായി സംസ്ഥാനത്ത് നടന്ന രാഷ്ട്രീയ കൊലകൾ ഉൾപ്പടെ ചർച്ചയാകും.ഹരിദാസന്റെ കൊലപാതകത്തിൽ പൊലീസിന്റെ നിഷ്ക്രിയത്വം ആഭ്യന്തരവകുപ്പിന്റെ പരാജയമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നാവശ്യപ്പെട്ട് പരസ്യപ്രക്ഷോഭത്തിനിറങ്ങാനാണ് യു.ഡി.എഫ് തീരുമാനം. നിയമസഭയിലും മുഖ്യമന്ത്രിക്കെതിരെ വാദങ്ങളുയർത്താനും പ്രതിപക്ഷം ഒരുങ്ങുകയാണ്. എറണാകുളം കിഴക്കമ്പലത്ത് ട്വന്റി-ട്വന്റി പ്രവർത്തകൻ കൊല്ലപ്പെട്ട് രണ്ടു ദിവസമാകുമ്പോഴാണ് തലശേരിയിൽ സി.പി.എം പ്രവർത്തകനായ മത്സ്യത്തൊഴിലാളിയുടെ കൊലപാതകം.ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുമാത്രം 37 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. കൊലപാതകങ്ങളിൽ സി.പി.എമ്മും ആർ.എസ്.എസും എസ്.ഡി.പി.ഐയും കോൺഗ്രസും മുസ്ലിം ലീഗുമെല്ലാം പ്രതിസ്ഥാനത്തുള്ളതിനാൽ രാഷ്ട്രീയനേതൃത്വങ്ങൾക്ക് കൈകഴുകാനാവില്ല. ഗുണ്ടാ- ലഹരി മാഫിയകളുടെ തേർവാഴ്ചകളും സംസ്ഥാനത്തെ ഭീതിയിലാഴ്ത്തുകയാണ്. പൊലീസിന്റെ സമ്പൂർണ നിഷ്ക്രിയത്വത്തിന് തെളിവാണ് ഇതെല്ലാമെന്ന് പ്രതിപക്ഷം വാദിക്കുന്നു. കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തി മൃതദേഹവുമായി ഗുണ്ടാനേതാവ് പൊലീസ് സ്റ്റേഷന് മുന്നിലെത്തി കൊലവിളി നടത്തിയും തിരുവനന്തപുരത്ത് പോത്തൻകോട്ട് മൃതദേഹം ചുമലിലേറ്റി ഗുണ്ടകൾ വെല്ലുവിളിച്ചും നാടിനെ ഞെട്ടിച്ചത് അടുത്തിടെയാണ്. ഹരിപ്പാട്ട് കഴിഞ്ഞ ദിവസം ലഹരിമാഫിയയുടെ ആക്രമണത്തിൽ മറ്റൊരു യുവാവും കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കവുമായി പ്രതിപക്ഷം രംഗത്തെത്തിയത്.