രണ്ടര വയസുകാരിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിൻ ഒളിവിൽ
കൊച്ചി: രണ്ടര വയസുകാരിക്ക് മർദ്ദനമേറ്റ സംഭവത്തിൽ കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിൻ ഒളിവിൽ. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് അയച്ചെങ്കിലും പ്രതികരണമുണ്ടായില്ല. മുത്തങ്ങയിലാണ് ഏറ്റവുമൊടുവിൽ ടവർ ലൊക്കേഷൻ കണ്ടത്. ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ.
അതേസമയം കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. കുട്ടിയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ഞായറാഴ്ച വൈകിട്ടാണ് രണ്ടരവയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് ആന്റണി ടിജിൻ പൊലീസുമായി സംസാരിച്ചിരുന്നു.കുട്ടിയുടെ അമ്മയുടെ സഹോദരിയ്ക്കും മകനും ഒപ്പം ഞായറാഴ്ച രാത്രിയാണ് ഇയാൾ ഒളിവിൽ പോയത്. കാറിൽ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. കുട്ടിയുടെ അമ്മയും സഹോദരിയും കുറേ നാളുകളായി ഭർത്താക്കന്മാരുമായി വേർപിരിഞ്ഞ് താമസിക്കുകയാണ്. രണ്ടര വയസുകാരിയുടെ പിതാവ് ഇന്നലെ ആശുപത്രിയിലെത്തിയിരുന്നു.