പ്രവാസികൾക്ക് ആശ്വാസവുമായി ഗൾഫ് രാജ്യം; ഇനി ഇന്ത്യൻ വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധന ആവശ്യമില്ല
ദുബായ്: ദുബായിലേയ്ക്കുള്ള യാത്രയ്ക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നടത്തുന്ന കൊവിഡ് ടെസ്റ്റ് ആവശ്യമില്ലെന്ന് ദുബായ് വ്യോമയാന അതോറിറ്റി. യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂറിനുള്ളിൽ വിമാനത്താവളങ്ങളിൽ നടത്തിയിരുന്ന പരിശോധനയാണ് ഒഴിവാക്കുന്നത്.ദുബായിലേയ്ക്ക് പോകുന്ന യാത്രക്കാർക്ക് മാത്രമാണ് നിലവിൽ ഇളവ് അനുവദിച്ചിരിക്കുന്നത്. അബുദാബി, ഷാർജ വിമാനത്താവളങ്ങളിലേയ്ക്ക് ഇന്ത്യയിൽ നിന്ന് പോകുന്ന യാത്രക്കാർക്ക് വിമാനത്താവളങ്ങളിലെ റാപ്പിഡ് പരിശോധന തുടരും. അതേസമയം, യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിൽ ലഭിച്ച ആർടിപിസിആർ പരിശോധനാ ഫലം നിർബന്ധമാണ്. ദുബായ് വിമാനത്താവളത്തിലെത്തിയ ശേഷവും ആർടിപിസിആർ പരിശോധനയുണ്ടാകും. പരിശോധനാഫലം പോസിറ്റീവായാൽ മാത്രം ക്വാറന്റീനിൽ കഴിഞ്ഞാൽ മതിയെന്നും അതോറിറ്റി വ്യക്തമാക്കി.