പൊലീസിൽ സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ട്; ഡിഐജി പൊലീസ് ക്ലബിൽ വന്നാൽ അവരെ വിളിപ്പിക്കും : ആർ ശ്രീലേഖ
കൊച്ചി: പൊലീസ് സേനയിൽ സ്ത്രീ ഓഫീസർമാർ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ. ഒരു ഡിഐജി വനിതാ എസ് ഐയെ ദുരുപയോഗം ചെയ്തത് നേരിട്ടറിയാം. മാഡം ഒന്ന് രക്ഷിക്കണമെന്ന് പറഞ്ഞ് അവർ കരഞ്ഞിട്ടുണ്ട്. ഡിഐജി പൊലീസ് ക്ലബിൽ വന്നാൽ അവരെ വിളിപ്പിക്കും. ഏത് പുരുഷ മേധാവിയോട് അവർക്കിത് പറയാൻ കഴിയും. ഒരു സ്ത്രീയായതുകൊണ്ടാണ് എന്നോട് പറഞ്ഞത്. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീലേഖയുടെ വെളിപ്പെടുത്തൽ.ക്രമസമാധാന ചുമതലയുള്ള ഡിജിപിയാകാൻ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും അത് സാധിക്കാത്തതിൽ നിരാശയുണ്ടെന്നും അവർ തുറന്നു പറയുന്നുണ്ട്. ഫയർ ഫോഴ്സ് ഡിജിപി ആയിരുന്നപ്പോൾ യാത്ര അയപ്പ് വേണ്ടെന്ന് വച്ചത് അവഗണനയിൽ പ്രതിഷേധിച്ചാണ്. കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഓഫീസർ ആണ് ഞാൻ. യാത്ര അയപ്പ് തരുന്നുണ്ടെങ്കിൽ സേന നിരന്ന് നിന്ന് സല്യൂട്ട് തരേണ്ടിയിരുന്നു. അല്ലാതെ പൊലീസ് അസോസിയേഷന്റെ പെട്ടിയോ ഗിഫ്ടോ എനിക്ക് വേണ്ട.സ്ത്രീയെന്ന നിലയിൽ കടുത്ത ആക്ഷേപങ്ങളാണ് സേനയിൽ നിന്നും നേരിടേണ്ടി വന്നത്. ആദ്യത്തെ പത്ത് വർഷം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. മാനസിക പീഡനം സഹിക്കാനാകാതെ രാജി വയ്ക്കാൻ വരെ ഒരുങ്ങിയിട്ടുണ്ട്. സീനിയർ ഓഫീസർമാർ അത്ര ദ്രോഹിക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. ജയിൽ ഡിജിപിയായിരിക്കേ ആലുവ ജയിലിൽ നടൻ ദിലീപിന് നൽകിയത് റിമാൻഡ് പ്രതിക്കുള്ള മാനുഷിക പരിഗണന മാത്രമാണെന്നും ശ്രീലേഖ പറഞ്ഞു.