വ്യാജരേഖയുണ്ടാക്കി ഇന്‍ഷുറന്‍സ് തട്ടിപ്പ്; കൂട്ടുനിന്ന പൊലീസുകാരെ പ്രതി ചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: വ്യാജ രേഖകള്‍ ചമച്ച് ഇൻഷുറൻസ് തുക തട്ടാൻ കൂട്ടുനിന്ന പൊലീസുകാരെ പ്രതി ചേർക്കാൻ ക്രൈംബ്രാഞ്ച് തീരുമാനം. വ്യാജ എഫ്ഐആറുകള്‍ തയ്യാറാക്കിയ പൊലീസുകാരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ തുടങ്ങി. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയും തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തി. സർട്ടിഫിക്കറ്റുകള്‍ ക്രൈംബ്രാഞ്ച് ഫൊറൻസിക് പരിശോധനക്കയ്ക്കും.
ട്രാഫിക് പൊലീസ് 2015 ൽ രജിസ്റ്റർ ചെയ്ത അപകട കേസിൽ അടുത്തിടെ വിധി വന്നിരുന്നു. പരിക്കേറ്റ യുവാവിന്
284000 രൂപയും എട്ട് ശതമാനം പലിശയുമാണ് വിധിച്ചത്. ഈ നഷ്ടപരിഹാര വിധിക്ക് കാരണം തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഒരു ഡോക്ടറുടെ പേരിൽ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടാണ്. ബൈക്കിന് പുറകിൽ യാത്ര ചെയ്യുമ്പോള്‍ അപകടത്തിൽപ്പെട്ട് യുവാവിന് 14 ശതമാനം അംഗ വൈകല്യം സംഭവിച്ചുവെന്നായിരുന്നു സർട്ടിഫിക്കറ്റ്. എന്നാൽ ഈ കേസും മെഡിക്കൽ റിപ്പോർട്ടും വ്യാജമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെയും ഇൻഷുറൻസ് കമ്പനിയുടെയും കണ്ടെത്തൽ.
പൊലീസ് റിപ്പോർട്ടിൽ പറയുന്ന ദിവസം ഇൻഷുറസ് തുക കിട്ടിയ യുവാവ് മെഡിക്കൽ കോളജിൽ ചികിത്സ തേടിയിട്ടില്ലെന്നാണ് ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നത്. അംഗ വൈകല്യം സംഭവിച്ചുവെന്ന ഡിസബിലിറ്റി സർട്ടിഫിക്കറ്റും വ്യാജമാണെന്ന് ഡോക്ടർ രേഖാമൂലം ഇൻഷുറൻസ് കമ്പനിയെയും ക്രൈംബ്രാഞ്ചിനെയും അറിയിച്ചു. ഇങ്ങനെ നൂറിലധികം വ്യജ മെഡിക്കൽ സർട്ടിഫിക്കറ്റുകള്‍ ക്രൈംബ്രാഞ്ചിന്റെ ശ്രദ്ധയിൽ എത്തിയിട്ടുണ്ട്. തങ്ങളുടെ പേരിൽ വ്യാജ രേഖകള്‍ കോടതിയിൽ നൽകിയിട്ടുണ്ടെന്നാണ് ഡോക്ടർമാരുടെ മൊഴി. ഇതിൽ വ്യക്തത വരുത്താനാണ് ഡോക്ടർമാർ നൽകിയിട്ടുള്ള സർട്ടിഫിക്കറ്റുകള്‍ ഫൊറൻസിക് പരിശോധനക്ക് നൽകാൻ തീരുമാനിച്ചത്.
വ്യാജ രേഖകള്‍ സമർപ്പിച്ചുള്ള നഷ്ടപരിഹാര വിധിക്കെതിരെ ഇൻഷുറൻസ് കമ്പനി അപ്പീൽ നൽകാനുള്ള തീരുമാനത്തിലാണ്. സൈക്കിളിൽ നിന്ന് വീണതും തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റതും ഉള്‍പ്പെടെ വാഹന അപകടങ്ങളാക്കി മാറ്റി പൊലീസുകാർ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുള്ള വിവരം. പൊലീസ് റിപ്പോർട്ടിന്റെ ബലത്തിലാണ് അഭിഭാഷകരും ഡോക്ടർമാരുമെല്ലാം വ്യാജ രേഖകള്‍ തയ്യാറാക്കി ഇൻഷുറന്‍സ് തുക തട്ടിയിരിക്കുന്നത്. ഈ തട്ടിപ്പു കേസിലെ പ്രധാന ഇടനിലക്കാർ വിരമിച്ചവരും സർവ്വീസില്‍ ഉള്ളവരുമായ പൊലീസുകാരാണ്.