കൊല്ലത്ത് മത്സ്യബന്ധനത്തിന് പോയ ‘പൊന്നുതമ്പുരാന്’ കിട്ടിയത് കോടികൾ വില വരുന്ന അപൂർവയിനം മത്സ്യം
കൊല്ലം: മത്സ്യബന്ധനത്തിന് പോയ കൊല്ലം ആലപ്പാട്ടെ തൊഴിലാളികൾക്ക് ലഭിച്ചത് വിപണിയിൽ കോടികൾ വിലവരുന്ന മത്സ്യം. കഴിഞ്ഞ ദിവസം ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയായ ഗിരീഷ് കുമാർ സ്രാങ്കായ ‘പൊന്നുതമ്പുരാൻ’ എന്ന വള്ളത്തിൽ പോയവർക്കാണ് ഉച്ചയോടെ മത്സ്യത്തെ കിട്ടിയത്. ഇന്ന് പുലർച്ചയോടെ നീണ്ടകര ഹാർബറിലെത്തിച്ച മത്സ്യത്തിന് ലേലത്തിലൂടെ ലഭിച്ചത് ആകെ 59,000രൂപയാണ്. കേരളത്തിലെ ചില തീരങ്ങളിൽ ‘പട്ത്തക്കോര’ എന്നറിയപ്പെടുന്ന ഈ മത്സ്യം ‘ഗോൾ ഫിഷ്’ എന്നാണ് മറ്റ് സ്ഥലങ്ങളിൽ അറിയപ്പെടുന്നത്.കഴിഞ്ഞ ദിവസം മത്സ്യബന്ധനം കഴിഞ്ഞ് കായംകുളം ഹാർബറിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് ഒരു വലിയ മത്സ്യം കടലിൽ പൊങ്ങിക്കിടക്കുന്നത് ഗിരീഷ് കണ്ടത്. ചത്തത് പോലെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. ഒറ്റ നോട്ടത്തിൽ കോര മത്സ്യമാണെന്ന് തോന്നിയതായി ഗിരീഷ് പറയുന്നു. സുഹൃത്തായ ഗോപനൊപ്പം കടലിൽ ചാടി മത്സ്യത്തെ പിടിക്കാൻ ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ചതിനെക്കാൾ ഭാരവും വലുപ്പവുമുള്ല മത്സ്യം കുതറി മാറാൻ ശ്രമിച്ചു. ഏറെ പണിപെട്ടാണ് ഗിരീഷും സുഹൃത്തും ചേർന്ന് മത്സ്യത്തെ ബോട്ടിലെത്തിച്ചത്. ശേഷം ഭാരം നോക്കിയപ്പോൾ 20.600കിലോയുണ്ടെന്ന് മനസിലായി.സ്വർണനിറത്തിലുള്ള മത്സ്യത്തിന് പ്രത്യേകതകളുണ്ടെന്ന് ബോട്ടിലുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ അഭിപ്രായപ്പെട്ടു. ഇതോടെ ഏതിനം മത്സ്യമാണെന്നറിയാൻ കടൽതൊഴിലാളികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ചിത്രവും വീഡിയോകളും പങ്കുവച്ചു. ഇതിലൂടെയാണ് ‘മെഡിസില് കോര’ എന്നറിയപ്പെടുന്ന ‘പട്ത്ത കോര’യാണെന്നും വിപണിയിൽ വലിയ വിലയുള്ള മത്സ്യമാണെന്നും അറിഞ്ഞത്. തുടർന്ന് വർഷങ്ങളായി മത്സ്യം ലേലം കൊള്ളുന്ന ഒരാളുടെ നിർദേശപ്രകാരമാണ് കൊല്ലം നീണ്ടകര ഹാർബറിലെത്തിച്ചതും വിൽപ്പന നടത്തിയതും.