രാ ജ് ഭവനെ ആരും നിയന്ത്രിക്കേണ്ട, സ്റ്റാഫ് നിയമനത്തിന്റെ പേരിൽ നടക്കുന്നത് പാർട്ടി റിക്രൂട്ട്മെന്റ്; സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഗവർണർ
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ നിയമനരീതിയെ അതിരൂക്ഷമായി വിമർശിച്ച് ഗവർണർ. മന്ത്രിമാർക്ക് ഇരുപതിലധികം പേഴ്സണൽ സ്റ്റാഫുകളുണ്ട്. രണ്ട് വർഷം കൂടുമ്പോൾ സ്റ്റാഫിനെ മാറ്റുകയാണ്. പെൻഷനും ശമ്പളവും അടക്കം വൻ സാമ്പത്തിക ബാദ്ധ്യതയാണ് സംസ്ഥാനത്തിനുണ്ടാക്കുന്നത്.ഇവിടെ നടക്കുന്നത് പാർട്ടി റിക്രൂട്ട്മെന്റാണ്. താൻ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ പോലും 11 പേരാണ് പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്നത്. സ്റ്റാഫ് നിയമനത്തിന്റെ പേരിൽ പാർട്ടി കേഡർ വളർത്തുകയാണ്. ഈ രീതി റദ്ദാക്കി നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഈ നിലപാടിൽ നിന്നും പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.രാജ്ഭവനെ ആരും നിയന്ത്രിക്കേണ്ടെന്നും സർക്കാരിന് അതിന് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഉത്തരം പറയേണ്ടത് രാഷ്ട്രപതിയോട് മാത്രമാണ്, ജ്യോതിലാലിനെ മാറ്റാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.കഴിഞ്ഞ ദിവസം ഗവർണറെ വിമർശിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും മുൻമന്ത്രി എ കെ ബാലനെയും അദ്ദേഹം രൂക്ഷമായി തന്നെ വിമർശിച്ചു. ബാലൻ ബാലിശമായി സംസാരിക്കരുതെന്നും പേരിലെ ബാലൻ വളരാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവർത്തിക്കണമെന്ന് ഉമ്മൻചാണ്ടിയേയും ചെന്നിത്തലയേയും കണ്ടു പഠിക്കണമെന്ന് പറഞ്ഞാണ് വിഡി സതീശനെ വിമർശിച്ചത്.