ഡിവൈഎഫ്ഐയിലൂടെ പാർട്ടിയിലെത്തി, ദീപു സിപിഎം വിട്ടത് പത്ത് വർഷം മുൻപ്; ട്വന്റി 20 പ്രവർത്തകന്റെ മരണത്തിൽ നിർണായക വിവരങ്ങൾ പുറത്ത്
കൊച്ചി: സി.പി.എം പ്രവർത്തകരുടെ മർദ്ദനമേറ്റു മരിച്ച സി.കെ.ദീപു കിഴക്കമ്പലത്ത് ട്വന്റി 20യുടെ രംഗപ്രവേശനത്തിന് മുമ്പ് സി. പി.എം പ്രവർത്തകനായിരുന്നു. ഡി.വൈ.എഫ്.ഐയിലൂടെയാണ് പാർട്ടിയിലെത്തിയത്. കാവുങ്ങപറമ്പിലെ വായനശാലയുടെ പ്രവർത്തകനായി സാംസ്കാരിക രംഗത്തും സജീവമായിരുന്നു.സി.പി.എം പ്രാദേശിക നേതൃത്വവുമായുണ്ടായ അസ്വാരസ്യങ്ങളെ തുടർന്ന് പത്ത് വർഷം മുമ്പ് പാർട്ടിവിട്ട നിരവധി പേരിൽ ഒരാളാണ് ദീപു. ട്വന്റി 20യിൽ ഏരിയ സെക്രട്ടറിയായി പ്രധാനപ്രവർത്തകനായി. കഷ്ടപ്പാടിലായിരുന്നു ജീവിതമെങ്കിലും മറ്റുള്ളവരെ സഹായിക്കാൻ മുന്നിട്ടിറങ്ങി. ദാരിദ്ര്യത്താലാണ് വിവാഹം ഉപേക്ഷിച്ചത്.പാറപ്പുറം കോളനിയിലെ ചെറിയ വീട്ടിൽ രോഗികളായ മാതാപിതാക്കൾക്കൊപ്പമായിരുന്നു ജീവീതം. ഏകസഹോദരിയെ വിവാഹം കഴിച്ചയച്ചു. ശനിയാഴ്ച സന്ധ്യ 7 മുതൽ 7. 15 വരെ നടത്തിയ വിളക്കണയ്ക്കൽ സമരത്തിന്റെ ഭാഗമായി സ്വന്തം വീട്ടിലെ ലൈറ്റുകൾ അണച്ചശേഷം അടുത്ത വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്.
കളമശേരി മെഡിക്കൽ കോളേജിൽ നടത്താനിരുന്ന പോസ്റ്റ്മോർട്ടം ട്വന്റി20 പ്രവർത്തകരുടെ എതിർപ്പിനെ തുടർന്നാണ് കോട്ടയത്തേക്ക് മാറ്റിയത്. സംഭവത്തിൽ അറസ്റ്റിലായ സൈനുദ്ദീൻ സലാം, അബ്ദു റഹ്മാൻ, അബ്ദുൽ അസീസ്, ബഷീർ എന്നിവർക്കെതിരെ കൊലപാതകത്തിനും പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരവുമാണ് കേസെടുത്തത്.
ചുണങ്ങംവേലി രാജഗിരി ആശുപത്രിക്ക് മുന്നിൽ ദീപുവിന്റെ മരണത്തെ തുടർന്ന് പ്രതിഷേധമുണ്ടായി. പി.വി.ശ്രീനിജൻ എം.എ ൽ.എയ്ക്കെതിരെ മുദ്രാവാക്യങ്ങളുമായി ട്വന്റി 20യുടെ സ്ത്രീകൾ ഉൾപെടെ നൂറുകണക്കിന് പ്രവർത്തകർ ആശുപത്രിയിലേക്ക് എത്തി. മൃതദേഹം കാണാൻ മോർച്ചറിയിലെത്തിയ വാർഡുമെമ്പർ നിഷ അലിയാർ കുഴഞ്ഞുവീണു.