രാജ്ഭവനിൽ വീണ്ടും സ്ഥിരനിയമന ഉത്തരവിറക്കി സർക്കാർ; ഗവർണറുടെ ശുപാർശപ്രകാരമെന്ന് സൂചന
തിരുവനന്തപുരം: രാജ്ഭവനിൽ വീണ്ടും സ്ഥിര നിയമനം അംഗീകരിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. പിആർഒ എസ്ഡി പ്രിൻസിന് സ്ഥിര നിയമനം നൽകിക്കൊണ്ടുള്ള ഉത്തരവാണ് സംസ്ഥാന സർക്കാർ പുറത്തിറക്കിയിരിക്കുന്നത്.ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ രാജ്ഭവനിൽ ഗവർണറുടെ സെക്രട്ടേറിയറ്റിൽ ഫോട്ടോഗ്രാഫറുടെ തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചിരുന്നു. നിലവിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരുന്ന പി ദിലീപ് കുമാറിനെ ഗവർണറുടെ ശുപാർശപ്രകാരം സ്ഥിരപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാമത്തെ സ്ഥിര നിയമനം ഇന്ന് ഉണ്ടായിരിക്കുന്നത്.നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വച്ച ഉപാധികളിൽ ഈ നിയമനങ്ങളും ഉൾപ്പെട്ടതായാണ് സൂചന. പുനർ നിയമന വ്യവസ്ഥയിലാണ് പ്രിൻസിനെ സ്ഥിരപ്പെടുത്തിയിട്ടുള്ളത്. മുമ്പ് കേരള സർവകലാശാല പിആർഒ ആയിരുന്ന പ്രിൻസ് വൈദ്യുതി ബോർഡ് പിആർഒ ആയും പ്രവർത്തിച്ചിട്ടുണ്ട്. 2020ൽ സർവീസിൽ നിന്ന് വിരമിച്ചെങ്കിലും രാജ്ഭവനിൽ താത്കാലിക നിയമനത്തിൽ പ്രവർത്തിക്കുകയായിരുന്നു. ഗവർണറുടെ ശുപാർശപ്രകാരമാണ് ഇപ്പോൾ അദ്ദേഹത്തിന് പുനർനിയമന വ്യവസ്ഥയിൽ ജോലി സ്ഥിരപ്പെടുത്തിയിരിക്കുന്നത്. പെൻഷൻ കഴിഞ്ഞ പദവിക്ക് തുല്യമായ ശമ്പളമായിരിക്കും പുനർനിയമനത്തിലൂടെ ലഭിക്കുക. നിയമനങ്ങൾക്ക് പുറമെ പൊതുഭരണ സെക്രട്ടറി കെആർ ജ്യോതിലാലിനെ സ്ഥാനത്ത് നിന്ന് മാറ്റിയതോടെയുമാണ് നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കാൻ ഗവർണർ തയ്യാറായത്.