സിൽവർ ലൈനിന് കോടതി എതിരല്ല, ജനങ്ങളെ ബാധിക്കുന്ന വിഷയമായതുകൊണ്ടാണ് ഇടപെടുന്നത്; സർക്കാരിനെ വിമർശിച്ച് സിംഗിൾ ബെഞ്ച്
കൊച്ചി: സിൽവർ ലൈനിൽ സർക്കാരിനെതിരെ സിംഗിൾ ബെഞ്ച്. പദ്ധതിയുടെ വിവരങ്ങൾ കോടതി തേടുമ്പോൾ സർക്കാർ അപ്പീൽ പോവുകയാണ്. വസ്തുതകൾ സർക്കാർ മറച്ചു വയ്ക്കുകയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി.കോടതിയുടെ മേൽനോട്ടത്തിൽ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് പരാതികൾ പരിശോധിക്കണമെന്നുള്ള ഹർജി പരിഗണിക്കവെയായിരുന്നു സിംഗിൾ ബെഞ്ച് വിമർശനമുയർത്തിയത്. ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോയ സർക്കാരിന്റെ നടപടിയെയാണ് സിംഗിൾ ബെഞ്ച് പരോക്ഷമായി വിമർശിച്ചത്.സിൽവർ ലൈൻ പദ്ധതിക്ക് ഏതെങ്കിലും തരത്തിൽ എതിരല്ല കോടതി. ജനങ്ങളുമായി ബന്ധപ്പെടുന്ന പദ്ധതിയാണിത്. വിശദാംശങ്ങൾ അറിയിക്കുന്നതിന് പകരം സർക്കാർ അപ്പീൽ പോവുകയാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയമായതു കൊണ്ടാണ് കോടതി ഇടപെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.സിൽവർ ലൈൻ സർവേ തടഞ്ഞ സിംഗിൾ ബെഞ്ചിന്റെ രണ്ടാം ഉത്തരവും റദ്ദാക്കുമെന്ന് സർക്കാർ നൽകിയ അപ്പീലിൽ ഡിവിഷൻ ബെഞ്ച് ഇന്ന് വാക്കാൽ പരാമർശിച്ചിരുന്നു. ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ള കേസിൽ സിംഗിൾ ബെഞ്ച് ഉത്തരവിറക്കിയതിലും അഡ്വക്കേറ്റ് ജനറൽ അതൃപ്തി അറിയിച്ചിട്ടുണ്ട്.