വൈദ്യുതി വാങ്ങൽ കരാർ കേന്ദ്രസർക്കാരിന്റെ മാർഗരേഖ അനുസരിച്ച്; എം എം മണിയുടെ അഴിമതിയാരോപണം തള്ളി ആര്യാടൻ മുഹമ്മദ്
തിരുവനന്തപുരം: വൈദ്യുതി വാങ്ങൽ കരാർ വിശദീകരിച്ച് മുൻ വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ്. കരാർ നിർമിച്ചത് എൽ ഡി എഫ് സർക്കാരിന്റെ കാലത്താണെന്ന് അദ്ദേഹം വ്യക്തമാക്കി. മുൻ വൈദ്യുതി മന്ത്രിയായ എം എം മണിയുടെ അഴിമതി ആരോപണത്തിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.പദ്ധതി 2013-14 കാലയളവിലാണ് കൊണ്ടുവന്നത്. കേരളമടക്കമുള്ള ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വൈദ്യുതി ക്ഷാമം വന്നിരുന്നു. ആ ഘട്ടത്തിൽ ഇന്ത്യാ ഗവൺമെന്റ് കൊണ്ടുവന്ന പദ്ധതിയാണ് ഡിസൈൻ ബിൽഡ് ഫിനാൻസ് ഓൺ ഓപ്പറേഷൻ. തുടർന്ന് അതിനൊരു മാർഗരേഖയും കേന്ദ്രസർക്കാർ പുറപ്പെടുവിച്ചു. എങ്ങനെയാണ് വൈദ്യുതി വാങ്ങേണ്ടത് ടെണ്ടർ നൽകേണ്ടത് എന്നിങ്ങനെയുള്ള കാര്യങ്ങൾ മാർഗരേഖയിൽ വ്യക്തമാക്കിയിരുന്നു. ഇത് എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമായിരുന്നെന്നും ആര്യാടൻ മുഹമ്മദ് പറഞ്ഞു.ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് ബിഡ്ഡുകളാണുള്ളത്. സാങ്കേതിക ബിഡ്ഡ്, ഫിനാൻസ് ബിഡ്ഡ്. ഇത് എപ്രകാരം വിശകലനം ചെയ്യണമെന്നും മാർഗരേഖയിൽ പറഞ്ഞിരുന്നു. ഇതനുസരിച്ചുള്ള കമ്മിറ്റിയാണ് രൂപീകരിച്ചത്. ഈ പദ്ധതി അനുസരിച്ച് കെ എസ് ഇ ബിയെ ടെണ്ടർ ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. അന്ന് കേരളത്തിൽ വൈദ്യുതി ക്ഷാമം രൂക്ഷമായിരുന്നു. താൻ മന്ത്രിയായിരുന്ന കാലത്ത് കെ എസ് ഇ ബിയുടെ മൊത്തം വരുമാനത്തിന്റെ 102 ശതമാനം ഉപയോഗിച്ചത് പുറത്തുനിന്ന് വൈദ്യുതി വാങ്ങാനിയിരുന്നു. കടം വാങ്ങിയായിരുന്നു ഇത്തരത്തിൽ വൈദ്യുതി വാങ്ങിയത്. ഇതിന് മുൻപും 1998,99,2000 കാലത്തും സമാനരീതിയിൽ വൈദ്യുതി സ്വകാര്യ മേഖലയിൽ നിന്ന് വാങ്ങാൻ തീരുമാനിച്ചിരുന്നു. അന്ന് പ്രത്യേക മാർഗരേഖ ഇല്ലായിരുന്നു. കായംകുളത്തെ എൻ ടി പി സി പ്ളാന്റിൽ നിന്നും എറണാകുളത്ത് റിലയൻസിന്റെ പ്ളാന്റ് സ്ഥാപിച്ച് അതിൽ നിന്നും കൂടാതെ കാസർകോഡ് ഗോയങ്ക പ്ളാന്റ് സ്ഥാപിച്ചും വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിരുന്നു. എൽ ഡി എഫ് 1998,99,2000 രൂപീകരിച്ച കരാർ പ്രകാരം കേന്ദ്രസർക്കാരിന്റെ ഡി ബി എഫ് ഒ ഒ കരാർ അനുസരിച്ച് വിലവ്യത്യാസം അക്കാലത്ത് വളരെ വലുതായിരുന്നു. പുറത്തുനിന്ന് വാങ്ങിയിട്ടും വൈദ്യുതി ക്ഷാമം വന്നു. അക്കാലത്താണ് കേന്ദ്രസർക്കാരിന്റെ പദ്ധതിയിൽ വൈദ്യുതി വാങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. പൂർണമായും കേന്ദസർക്കാരിന്റെ മാർഗരേഖ അനുസരിച്ചായിരുന്നു നടപടികൾ സ്വീകരിച്ചത്.2016ൽ ആയിരുന്നു ടെൻഡർ വിളിച്ചത്. അന്ന് തമിഴ്നാടും കർണാടകയും ഒക്കെ ടെൻഡർ വിളിച്ചിരുന്നു. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം നൽകുക എന്നതായിരുന്നു കേന്ദ്രത്തിന്റെ രീതി. വൈദ്യുതി പുറത്തുനിന്ന് കൊണ്ടുവരാനുള്ള കോറിഡോർ അനുവദിക്കണമെങ്കിൽ ആദ്യം അപേക്ഷ നൽകിയവർക്ക് നൽകിയിട്ടേ മറ്റുള്ളവർക്ക് നൽകുകയുള്ളൂ. പവർ ഗ്രിഡ് കോർപ്പറേഷനാണ് ഇതിന് അനുമതി നൽകുന്നത്. തമിഴ്നാടിന് നൽകിയിട്ടേ കേരളത്തിന് അനുവദിക്കുകയുള്ളൂ എന്ന് പവർ ഗ്രിഡ് കോർപ്പറേഷൻ ഉപാധിവച്ചു. തുടർന്ന് കേരളം സെൻട്രൽ റെഗുലേറ്ററി കമ്മീഷന് അപ്പീൽ നൽകുകയും കേസ് ജയിക്കുകയും ചെയ്തു. കരാറിൽ അഴിമതിയുണ്ടെന്ന് എം എം മണി ആരോപിച്ചിരുന്നു. അത് ഗൗരവമാക്കുന്നില്ല. എഗ്രിമെന്റ് നിലവിൽ വന്നത് 2016 ഡിസംബറിലായിരുന്നു. അന്ന് ഭരിച്ചിരുന്നത് പിണറായി വിജയനാണ്. എം എം മണിയായിരുന്നു വൈദ്യുതി മന്ത്രി. മണിയായിരുന്നു അന്ന് വൈദ്യുതി വാങ്ങിയതെന്നും ആര്യാടൻ മുഹമ്മദ് വ്യക്തമാക്കി. താൻ മന്ത്രിയായിരുന്നപ്പോൾ അഴിമതി നടന്നുവെങ്കിൽ തനിക്കെതിരെ കേസ് നൽകാമായിരുന്നു. പദ്ധതി പിൻവലിക്കാമായിരുന്നു. താൻ മന്ത്രിയായിരുന്ന കാലത്തല്ല വൈദ്യുതി വാങ്ങിയതെന്നും ആര്യാടൻ മുഹമ്മദ് വിശദീകരിച്ചു.