കാസർകോട് ജനറൽ ആശുപത്രിയിലെ രാത്രികാല പോസ്റ്റ് മോർട്ടം യാഥാർഥ്യമാവുന്നു; സംസ്ഥാനത്താദ്യം;
ആവശ്യമായ ജീവനക്കാരെ നിയമിക്കാൻ സർക്കാർ നിർദേശം; പോരാട്ടത്തിന്റെ വിജയമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ
കാസർകോട്: കാസർകോട് ജെനറൽ ആശുപത്രിയിലെ രാത്രികാല പോസ്റ്റ് മോർടം യാഥാർഥ്യമാവുന്നു. ആവശ്യമായ ജീവനക്കാരെ നിയമിക്കാൻ ജില്ലാ മെഡികൽ ഓഫീസർക്ക് ആരോഗ്യ വകുപ്പ് ഡയറക്ടർ നിർദേശം നൽകി. എൻ എ നെല്ലിക്കുന്ന് എംഎൽഎയെ ആണ് ഇതുസംബന്ധിച്ച വിവരം സർകാർ അറിയിച്ചത്. ഇത് പോരാട്ടത്തിന്റെ വിജയമാണെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു.
കാസര്‍കോട് ജനറൽ ആശുപതിയില്‍ നിയമിക്കുന്നതിനും, എല്ലാ പോസ്റ്റ് മോർടം നടത്തുന്നതിന് ഫോറന്‍സിക് സര്‍ജന്റെ ആവശ്യം ഇല്ലാത്തതിനാല്‍ അസിസ്റ്റന്റ് സര്ജന്മാരെ നിയോഗിച്ച് രാത്രികാല പോസ്റ്റ് മോർടം നടത്തുന്നതിന് ആരോഗ്യ വകുപ്പ് ഡയറക്ടർ ജില്ലാ മെഡികൽ ഓഫീസർക്ക് നിർദേശം നൽകിയതായി കത്തിൽ വ്യക്തമാക്കുന്നു. നടപടികൾ പൂർത്തിയാവുന്നതോടെ സംസ്ഥാനത്ത് രാത്രികാല പോസ്റ്റ് മോർടം ആരംഭിക്കുന്ന ആദ്യ ആശുപത്രിയായി കാസർകോട് ജെനറൽ ആശുപത്രി മാറും.
കാസർകോട് ജനറൽ ആശുപത്രിയിൽ ഒരു മാസത്തിനകവും, കേരളത്തിലെ അഞ്ച് മെഡികൽ കോളജുകളിൽ ആറ് മാസത്തിനകവും രാത്രി കാല പോസ്റ്റ് മോർടത്തിന് സൗകര്യം ഒരുക്കണമെന്ന് കഴിഞ്ഞ ഡിസംബറിലാണ് ഹൈകോടതി നിർണായക വിധി പുറപ്പെടുവിച്ചത്. നിയമസഭയ്ക്കകത്തും പുറത്തും ഇക്കാര്യം ഉന്നയിച്ച് എൻഎ നെല്ലിക്കുന്ന് നടത്തിയ നിരന്തര പോരാട്ടത്തിന്റെ വിജയം കൂടിയായിരുന്നു ഇത്. ഹൈകോടതിയിലെ ഹർജിയിലും എൻഎ നെല്ലിക്കുന്ന് കക്ഷി ചേർന്നിരുന്നു.
അപകടത്തിലോ മറ്റോ ഒരാൾ മരണപ്പെട്ടാൽ പോസ്റ്റുമോർടെം നടത്തി മൃതദേഹം സംസ്കരിക്കാനായി വിട്ടുകിട്ടാൻ വേണ്ടി മണിക്കൂറുകളോ ദിവസങ്ങളോ കാത്തു നിൽക്കുന്ന വീട്ടുകാരുടെയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ജനപ്രതിനിധികൾ അടക്കമുള്ള പൊതുപ്രവർത്തകരുടെയും കാത്തിരിപ്പ് കൂടി മനസിലാക്കിയുള്ള നടപടികളാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.