ഗവർണർ നിയമസഭയിലെത്തി, നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു , ഗോ ബാക്ക് വിളിയുമായി പ്രതിപക്ഷം സഭ വിട്ടു
തിരുവനന്തപുരം : ഗവർണറുടെ നയപ്രഖ്യാപനത്തോടെ പുതിയ വർഷത്തെ നിയമസഭാ നടപടികൾക്ക് തുടക്കം. കഴിഞ്ഞ ദിവസം സർക്കാർ നൽകിയ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതെ ഗവർണർ സർക്കാരിനെ ഏതാനും മണിക്കൂർ പ്രതിസന്ധിയിലാക്കിയിരുന്നുവെങ്കിലും നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണർ നിയമസഭയിലെത്തി. നിയമസഭയിലെത്തിയ ഗവർണറെ ഗോ ബാക്ക് വിളികളുമായിട്ടാണ് പ്രതിപക്ഷം നേരിട്ടത്. എന്നാൽ പ്രസംഗം ആരംഭിക്കുന്നതിന് മുൻപായി സമാധാനമായി ഇരിക്കാൻ ഗവർണർ പ്രതിപക്ഷത്തിനോട് ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രസംഗിക്കാൻ സീറ്റിൽ നിന്നും എഴുന്നേറ്റതോടെ ഗവർണർ ക്ഷുഭിതനാവുകയായിരുന്നു. തുടർന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളികളോടെ സഭ വിട്ടു പുറത്തേയ്ക്ക് പോയി സഭാ പ്രവേശനകവാടത്തിന് മുന്നിൽ പ്രതിഷേധം ആരംഭിച്ചു.
ദിവസങ്ങൾക്കുമുൻപ് ഗവർണറുടെ അഡിഷണൽ പി.എ ആയി ബി.ജെ.പി സംസ്ഥാനസമിതി അംഗം ഹരി എസ്. കർത്തയെ നിയമിച്ചുള്ള ഉത്തരവിനൊപ്പം സർക്കാരിന്റെ വിയോജിപ്പും അറിയിച്ച് പൊതുഭരണ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ നൽകിയ കത്താണ് കഴിഞ്ഞ ദിവസം ഗവർണറെ പ്രകോപിപ്പിച്ചത്.ഇന്നലെ മുഖ്യമന്ത്രി രാജ്ഭവനിലെത്തി ചർച്ച നടത്തിയിട്ടും വഴങ്ങിയില്ല.ഒടുവിൽ വിശ്വസ്തനായ ജ്യോതിലാലിനെ അടിയന്തരമായി നീക്കി സർക്കാരിന് ഗവർണറെ മെരുക്കേണ്ടി വന്നു. വൈകിട്ട് ഇതിന്റെ ഉത്തരവെത്തിയശേഷമാണ് ഗവർണർ നയപ്രഖ്യാപനത്തിന് അനുമതി നൽകിയത്. സഭ ഇന്ന് ചേരാനാവാതെ വരുമോയെന്ന ആശങ്ക ഉടലെടുത്തതോടെയാണ് ഗവർണറെ അനുനയിപ്പിക്കാൻ സർക്കാരും ഇടതുമുന്നണിയും അടിയന്തര നീക്കങ്ങൾ നടത്തിയത്. അതേസമയം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ പെൻഷനാണ് ഗവർണറുടെ അതൃപ്തിക്ക് കാരണമായതെന്നാണ് രാജ്ഭവൻ പറയുന്നത്.
.