നേട്ടങ്ങൾ വായിച്ചപ്പോഴും നിസംഗരായി ഭരണപക്ഷം; ഗവർണറുടെ സമ്മർദ്ദത്തിൽ തെറിച്ച ജ്യോതിലാലും സഭാസമ്മേളനത്തിൽ
തിരുവനന്തപുരം: സർക്കാരിന്റെ നേട്ടങ്ങൾ എണ്ണി പറഞ്ഞ് ഗവർണർ നയപ്രഖ്യാപനം നടത്തിയെങ്കിലും നിസംഗതയായിരുന്നു ഭരണപക്ഷാംഗങ്ങൾക്ക്. ഗവർണറും സർക്കാരും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെയാണ് ഇന്ന് നയപ്രഖ്യാപനം നടന്നത്. പൊതുവേ സർക്കാരിന്റെ ഭരണനേട്ടങ്ങൾ വായിക്കുമ്പോൾ ഭരണപക്ഷത്തെ അംഗങ്ങൾ ഡെസ്കിലടിച്ച് അഭിനന്ദിക്കാറുണ്ട്. ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തിനിടെ ഭരണപക്ഷം നടത്തിയ മൗനം ഗവർണറോടുള്ള അതൃപ്തി പരസ്യമാക്കുന്നതായിരുന്നു.രാവിലെ നിയമസഭയിലെത്തിയ ഗവർണറെ ഗോ ബാക്ക് വിളികളുമായിട്ടാണ് പ്രതിപക്ഷം നേരിട്ടത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രസംഗിക്കാൻ സീറ്റിൽ നിന്നും എഴുന്നേറ്റതോടെ ഗവർണർ ക്ഷുഭിതനാവുകയായിരുന്നു. തുടർന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളികളോടെ സഭ വിട്ടു പുറത്തേയ്ക്ക് പോയി പ്രവേശനകവാടത്തിന് മുന്നിൽ പ്രതിഷേധിച്ചു.അതേസമയം, കഴിഞ്ഞ ദിവസം മാറ്റി നിറുത്തിയ പൊതുഭരണ വകുപ്പ് സെക്രട്ടറി കെ ആർ ജ്യോതിലാൽ നിയമാസഭാസമ്മേളനത്തിൽ പങ്കെടുത്തു. ഗവർണറുടെ പേഴ്സണൽ സ്റ്റാഫിൽ ബിജെപി സംസ്ഥാന കമ്മിറ്റി അംഗവും മാദ്ധ്യമ പ്രവർത്തകനുമായ ഹരി എസ് കർത്തയെ നിയമിച്ചതിൽ പൊതുഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന കെ ആർ ജ്യോതിലാലാണ് സർക്കാരിന്റെ വിയോജിപ്പ് കത്തിലൂടെ അറിയിച്ചത്.ഈ കത്ത് മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതാണ് ഗവർണറെ ചൊടിപ്പിച്ചത്. തുടർന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടേണ്ടെന്ന നിലപാട് ഗവർണർ എടുത്തു. തുടർന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ജ്യോതിലാലിനെ മാറ്റാൻ തീരുമാനിച്ചത്. ഇക്കാര്യം അറിഞ്ഞ ശേഷമാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിന് അനുമതി നൽകിയത്.