സർക്കാരിന്റെ നിയമവിരുദ്ധപ്രവർത്തനങ്ങൾക്ക് ഗവർണർ കൂട്ടുനിൽക്കുന്നു; ഓർഡിനൻസിൽ ഒപ്പുവയ്ച്ച് നിയമസഭയെ അവഹേളിച്ചെന്നും വി ഡി സതീശൻ
തിരുവനന്തപുരം: സർക്കാർ ചെയ്യുന്ന എല്ലാ നിയമവിരുദ്ധപ്രവർത്തനങ്ങൾക്കും ഗവർണർ കൂട്ടുനിൽക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീഷൻ. ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെ പ്രതിഷേധിച്ചിരുന്നു. ഗവർണർ സഭയിലേയ്ക്ക് കടന്നപ്പോൾ തന്നെ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു. തുടർന്ന് സഭ ബഹിഷ്കരിക്കുകയും ചെയ്തു.മൂന്ന് പ്രധാനപ്പെട്ട പ്രശ്നങ്ങളാണ് ഞങ്ങൾ നിയമസഭയിൽ അവതരിപ്പിക്കാൻ ശ്രമിച്ചതെന്ന് വി ഡി സതീഷൻ പറഞ്ഞു. കണ്ണൂർ യൂണിവേഴ്സിറ്റി നിയമത്തിലെ പത്താം വകുപ്പ് ലംഘിച്ചുകൊണ്ട് വൈസ് ചാൻസലർ നിയമനത്തിനായി ചുമതലപ്പെടുത്തിയ സെർച്ച് കമ്മിറ്റി റദ്ദാക്കുകയും വൈസ് ചാൻസലർക്ക് പുനർനിയമനം നൽകാനുള്ള സർക്കാരിന്റെ സമ്മർദ്ദങ്ങൾക്ക് ഗവർണർ വഴങ്ങുകയും ചെയ്തു. സംസ്ഥാനത്തെ അഴിമതി വിരുദ്ധ സംവിധാനത്തെ പൂർണമായും ഇല്ലാതാക്കുന്ന ലോകായുക്ത ഓർഡിനൻസിൽ ഒപ്പുവയ്ക്കുകയാണ് ഗവർണർ ചെയ്തത്. 1999ൽ ലോകായുക്തതാ നിയമം പാസാക്കിയപ്പോൾ ബിൽ പ്രസിഡന്റിന്റെ അസന്റിനായി അയക്കുകയുണ്ടായി. ലോകായുക്ത ഓർഡിനൻസ് പ്രസിഡന്റിന്റെ അസന്റിനായി അയക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും സർക്കാരുമായി ഗൂഢാലോചന നടത്തി ഗവർണർ ഒപ്പുവച്ചു. ഈ മാസം 18ന് നിയമസഭ ചേരുമെന്ന് ധാരണയുണ്ടായിരുന്നിട്ടും സർക്കാരും ഗവർണറും മനപൂർവം ഒത്തുചേർന്ന് നിയമസഭ ചേരുന്ന തീരുമാനം എടുക്കാൻ വൈകിപ്പിച്ചു. സഭചേരാൻ തീരുമാനമെടുത്തതിന്റെ തലേദിവസം ഓർഡിനൻസിൽ ഒപ്പുവയ്ച്ച് നിയമസഭയെ സർക്കാരും ഗവർണറും ചേർന്ന് അവഹേളിച്ചു.ഗവർണർ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ, സംഘപരിവാറിന്റെ ഏജന്റായി പ്രവർത്തിക്കുകയാണ്. സംഘപരിവാറിന്റെ താത്പര്യങ്ങളാണ് അദ്ദേഹം സംരക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫായി ബി ജെ പിയുടെ നേതാവിനെ നിയമിക്കാൻ അദ്ദേഹം ആവശ്യപ്പെടുകയും സർക്കാർ അതിന് കൂട്ടുനിൽക്കുകയും ചെയ്തു. ഇത് സർക്കാരും ഗവർണറും തമ്മിലുള്ള കൊടുക്കൽ വാങ്ങലാണ് എന്ന് നമ്മൾ ആക്ഷേപിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. കഴിഞ്ഞ ദിവസം ഭരണഘടനാവിരുദ്ധമായ തീരുമാനമാണ് ഗവർണർ കൈക്കൊണ്ടത്. നയപ്രഖ്യാപനത്തിൽ ഒപ്പുവയ്ക്കില്ല നയപ്രഖ്യാപന പ്രസംഗം നടത്തില്ല എന്ന് സർക്കാരിനെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചു. സർക്കാർ ഭീഷണിയ്ക്ക് വഴങ്ങുകയും ചെയ്തു. ക്യാബിനറ്റ് പാസാക്കുന്ന നയപ്രഖ്യാപനം നിയമസഭയിൽ ഭരണഘടനാബാധ്യത ഗവർണർക്ക് ഉണ്ടായിരിക്കേ അദ്ദേഹത്തിന്റെ അനാവശ്യമായ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങി. പൊതുവിഭാഗം സെക്രട്ടറിയുടെ തല ഒരു വെള്ളിത്തലയിൽ വച്ചുകൊണ്ടാണ് സർക്കാർ ഗവർണർക്ക് മുന്നിൽ കീഴടങ്ങിയത്. രാജ്ഭവനിൽ ബി ജെ പി സംസ്ഥാന നേതാവിനെ നിയമിക്കാനുള്ള തീരുമാനമെടുത്ത ഫയലിൽ ജി എ ഡി സെക്രട്ടറി അതൃപ്തി പ്രകടിപ്പിച്ചത് ഗവൺമെന്റിന്റെ അനുമതിയോടുകൂടിയാണോ എന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രി ആ ഫയലിൽ സർക്കാരിനുള്ള അതൃപ്തി അറിയിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രി പറയാതെ ഗവർണറുടെ പേഴ്സണൽ സ്റ്റാഫിൽ ഒരാളെ നിയമിക്കുമ്പോൾ ജി എ ഡി സെക്രട്ടറി അതൃപ്തി പ്രകടിപ്പിക്കുമോ എന്ന് അറിയേണ്ടതുണ്ട്. ഈ രണ്ട് ചോദ്യങ്ങൾക്കും മുഖ്യമന്ത്രി ഉത്തരം പറയണം. മുഖ്യമന്ത്രിയുടെ തീരുമാനത്തിന്റെ ഭാഗമായാണ് ജി എ ഡി സെക്രട്ടറി അതൃപ്തി രേഖപ്പെടുത്തിയത് എന്നാണ് തങ്ങൾ കരുതുന്നത്. ഗവർണർ സമ്മർദ്ദം ചെലുത്തിയപ്പോൾ ബലിയാടായത് ജി എ ഡി സെക്രട്ടറിയാണ്. കാര്യങ്ങൾ വ്യക്തമാക്കാൻ മുഖ്യമന്ത്രിയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും വി ഡി സതീഷൻ പറഞ്ഞു.