സഹോദരൻ അനൂപിന്റെ ഫോൺ പരിശോധനാഫലം പുറത്ത്; ദിലീപടക്കം പ്രതികളെ വീണ്ടും ചോദ്യം ചെയ്യും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാൻ ദിലീപിന്റെ സഹോദരൻ അനൂപിന് ക്രൈംബ്രാഞ്ച് നിർദേശം നൽകി. അനൂപിന്റെ ഒരു ഫോണിന്റെ പരിശോധനാഫലം പുറത്തുവന്ന സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.കഴിഞ്ഞ ദിവസം ഹാജരാകാൻ ക്രൈംബ്രാഞ്ച് അനൂപിനോട് നിർദേശിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. നോട്ടീസ് കൈപ്പറ്റിയുമില്ല. തുടർന്ന് ഇവരുടെ വീട്ടിലെത്തി ക്രൈംബ്രാഞ്ച് നോട്ടീസ് പതിപ്പിച്ചിരുന്നു. ദിലീപിന്റെയും സഹോദരീ ഭർത്താവ് സുരാജിന്റെയും ഫോൺ പരിശോധനാഫലം നാളെ പുറത്തുവരും. ഇരുവരെയും അടുത്ത ദിവസം ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. കേസിൽ ഇത് നിർണായകമാകുമെന്നാണ് വിലയിരുത്തൽ.അതേസമയം, വധഗൂഢാലോചന കേസിൽ എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആരോപണങ്ങൾക്ക് തെളിവുകളില്ലെന്നാണ് ദിലീപിന്റെ വാദം. കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതികൾ ആരോപിച്ചിരുന്നു. കേസ് റദ്ദാക്കിയില്ലെങ്കിൽ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.