യുദ്ധഭീഷണി; യുക്രെയിനിലേക്കുള്ള വിമാന നിയന്ത്രണം നീക്കി ഇന്ത്യ, കൊവിഡ് വിലക്ക് ബാധകമാവില്ല
ന്യൂഡൽഹി: യുക്രെയിനിലേക്കുള്ള വിമാന നിയന്ത്രണം നീക്കി കേന്ദ്രം. റഷ്യ- യുക്രെയിൻ യുദ്ധഭീഷണി കണക്കിലെടുത്താണ് കേന്ദ്രസർക്കാർ വിമാന സർവീസിൽ ഇളവ് നൽകിയത്.കൊവിഡ് സാഹചര്യത്തിൽ നടപ്പിലാക്കിയ നിയന്ത്രണങ്ങൾ യുക്രെയിനിലേക്കുള്ള വിമാന സർവീസിന് ബാധകമാകില്ല. സർവീസുകളുടെ എണ്ണത്തിലെ നിയന്ത്രണവും പിൻവലിച്ചു. യാത്രക്കാരുടെ എണ്ണത്തിലും നിയന്ത്രണമുണ്ടാകില്ല.അതേസമയം, റഷ്യ- യുക്രെയിൻ സംഘർഷം കൂടുതൽ ശക്തമാവുന്നതിനിടെ സൈന്യത്തെ പിൻവലിച്ചുവെന്ന മോസ്കോയുടെ പ്രഖ്യാപനം വൈറ്റ് ഹൗസ് തള്ളി. യുക്രെയിൻ അതിർത്തിയിൽ പുതുതായി 7000 ട്രൂപ്പുകളെക്കൂടി റഷ്യ വിന്യസിച്ചിരിക്കുകയാണ്. യുക്രെയിനിനെ ഏത് നിമിഷവും റഷ്യ ആക്രമിച്ചേക്കാമെന്നും വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥർ പറഞ്ഞു. റഷ്യൻ സേന പിന്തിരിയുന്നതായുള്ള സൂചനകളൊന്നുമില്ലെന്ന് അമേരിക്കയും നാറ്റോയും സ്ഥിരീകരിച്ചു.ശീതയുദ്ധത്തിന് ശേഷമുള്ള യൂറോപ്പിന്റെ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയായാണ് യുക്രെയിൻ അതിർത്തിയിലെ റഷ്യൻ സൈനിക വിന്യാസത്തെ വിശേഷിപ്പിക്കുന്നത്. രാജ്യാതിർത്തിയിൽ നിന്ന് റഷ്യൻ സേന പിൻവാങ്ങിയതായി കരുതുന്നില്ലെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. തങ്ങൾ ആരെയും ഒരു ശത്രുക്കളെയും പേടിക്കുന്നില്ലെന്നും സെലെൻസ്കി വ്യക്തമാക്കിയിരുന്നു.