കെഎസ്ഇബിയിൽ വൻ അഴിമതി, എംഎം മണിയുടെ ബന്ധുക്കൾക്കും ഭൂമി ലഭിച്ചു, രേഖകൾ തെളിവ്’; ആരോപണവുമായി സതീശൻ
തിരുവനന്തപുരം: കെ എസ് ഇ ബിഅഴിമതി ആരോപണത്തിൽ മുൻ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിക്കെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ എസ് ഇ ബി ഭൂമി കൈമാറ്റത്തിലൂടെ മുൻ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിയുടെ ബന്ധുക്കൾക്കും ഭൂമി ലഭിച്ചിട്ടുണ്ടെന്നും അത് തെളിയിക്കുന്ന രേഖകളുണ്ടെന്നും സതീശൻ ആരോപിച്ചു. നൂറ് കണക്കിന് ഭൂമിയാണ് ചട്ടവിരുദ്ധമായി കൈമാറിയത്. വൈദ്യുത ബോർഡിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടായത് ഇത്തരത്തിലുള്ള അഴിമതിയെത്തുടർന്നാണ്. അതിനാൽ വൈദ്യുതി ചാർജ് വർദ്ധന നടപ്പാക്കി ജനങ്ങളെ ബുദ്ധിമുട്ടിലാക്കരുത്. കെ എസ് ഇ ബി ഹൈഡൽ ടൂറിസം പദ്ധതിയിലെ ഭൂമി കൈമാറ്റം നിയമവിരുദ്ധമായിട്ടാണെന്ന് റവന്യൂ വകുപ്പ് തന്നെ പറഞ്ഞുവെന്നും ഭൂമി കൈമാറ്റം റദ്ദാക്കി സമഗ്രമായ അന്വേഷണം നടത്താൻ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വൈദ്യുതി ബോർഡിൽ ക്രമക്കേടുണ്ടായെന്ന കെഎസ്ഇബി ചെയർമാന്റെ ആരോപണം ഏറ്റെടുത്ത് പ്രതിപക്ഷം ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ”വൈദ്യുതി ബോർഡിൽ കഴിഞ്ഞ അഞ്ചര വർഷമായി നടക്കുന്നത് കടുത്ത അഴിമതിയാണ്. ഈ ആരോപണങ്ങൾക്ക് മറുപടി പറയാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും പ്രതിപക്ഷം ആവർത്തിക്കുന്നു.
കെഎസ്ഇബി അഴിമതി ആരോപണവും ബിജെപിയും രാഷ്ട്രീയ ആയുധമാക്കുകയാണ്. എംഎം മണിയെ കുറ്റപ്പെടുത്തി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തെത്തിയിട്ടുണ്ട്. മുൻ വൈദ്യുതി മന്ത്രി എം എം മണിയെ പോലെ ഒരു തട്ടിപ്പുകാരൻ കേരളത്തിൽ വേറെയില്ലെന്നും ലാലു പ്രസാദ് യാദവിന്റ കേരള പതിപ്പാണ് എം എം മണിയെന്നുമാണ് സുരേന്ദ്രന്റെ വിമർശനം. കെ എസ് ഇ ബി അഴിമതി വിവരങ്ങൾ കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോക് തന്നെ അക്കമിട്ട് നിരത്തിയ സാഹചര്യം ആണ് ഉള്ളത്. അതുകൊണ്ട് തന്നെ കെ എസ് ഇ ബിയുമായി ബന്ധപ്പെട്ടുയർന്ന അഴിമതികളിൽ സമഗ്ര അന്വേഷണം വേണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.