കെ റെയിൽ കല്ലിടലിനെതിരെ കണ്ണൂർ താനയിൽ പ്രതിഷേധം; പൊലീസുമായി ഉന്തുംതള്ളും; പ്രതിഷേധക്കാർ അറസ്റ്റിൽ
കണ്ണൂർ: സിവിൽവർ ലൈൻ പദ്ധതിയ്ക്കെതിരെ (silver line project) കണ്ണൂർ താനയിൽപ്രതിഷേധം(protest). കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടയാനെത്തിയ നാട്ടുകാരും കെ റെയിൽ വിരുദ്ധ സമരസമിതിയും ആണ് പ്രതിഷേധിച്ചത്. പൊലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഒരു കാരണവശാലും കല്ലിടാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ. കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ അടക്കം പ്രതിഷേധത്തിൽ പങ്കെടുത്തു. ഇതിനിടയിൽ പ്രതിഷേധത്തിനെത്തിയ സ്ത്രീയെ ഉദ്യോഗസ്ഥ അപമാനിച്ചെന്ന് പരാതി ഉയർന്നു. ഇവർ മാപ്പ് പറയണമെന്നാവശ്യമുയർത്തി വീണ്ടും പ്രതിഷേധം ഉണ്ടായി. പ്രതിഷേധക്കാരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സർവേക്കും കല്ലിടലിനുമെതിരെ വിവിധ ജില്ലകളിൽ നാട്ടുകാരുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധ പരിപാടികൾ തുടരുകയാണ്. കെ റെയിലിനെതിരെ വീട് വീടാന്തരം കയറിയുള്ള പ്രചാരണവുമായി എറണാകുളത്തെ സമര സമിതി രംഗത്തെത്തിയിട്ടുണ്ട്. അധികൃതർ കല്ലിടാൻ വരുമ്പോൾ ശക്തമായി എതിർക്കണമെന്നാവശ്യപ്പെട്ടാണ് നീക്കം. ജില്ലയിൽ കല്ലിടലുമായി കെ റെയിൽ മുന്നോട്ട് പോകുമ്പോഴാണ് സമിതിയുടെ പ്രചാരണം.
രാത്രിയായാലും പകൽ ആയാലും കല്ലിടാൻ ആളെത്തിയാൽ ശക്തമായി എതിർക്കണം, വാട്സ് ആപ്പ് ഗ്രൂപ്പിൽ വിവരം അറിയിക്കണം. എല്ലാവരും ഒരുമിച്ചെത്തി കല്ലിടൽ തടയണം. കല്ലിടൽ സർവേയ്ക്കായി മാത്രമല്ലെന്നും സ്ഥലം ഏറ്റെടുപ്പിന് തന്നെയാണെന്നുമാണ് സമരസമിതി വിശദീകരിക്കുന്നത്. രാവിലെ ആറര മണി മുതൽ വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് വീടുകൾ കയറിയിറങ്ങിയാണ് പ്രചാരണം.
ആദ്യദിനം കാക്കനാട് പഴങ്ങനാട് എന്നീ മേഖലകളിൽ ആയിരുന്നു പ്രചാരണം. വരും ദിവസങ്ങളിൽ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. കഴിഞ്ഞ ദിവസം കീഴ്മാടിലെത്തിയ കെ റെയിൽ അധികൃതരെ നാട്ടുകാർ ഒറ്റക്കെട്ടായാണ് ചെറുത്തത്. സ്ഥാപിക്കാൻ കൊണ്ടു വന്ന കല്ലുകൾ നാട്ടുകാർ വണ്ടിയിൽ കയറ്റി തിരിച്ചയക്കുകയായിരുന്നു.
സിൽവർ ലൈൻ സർവേ തുടരാം, ഡിപിആർ തയ്യാറാക്കിയ വിവരവും വേണ്ട: ഹൈക്കോടതി
കൊച്ചി: സിൽവർ ലൈൻ സാമൂഹ്യാഘാതസർവേ തടഞ്ഞ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി ഡിവിഷൻ ബഞ്ച്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് സർക്കാർ നൽകിയ അപ്പീലിൽ സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ട് വിധി പ്രസ്താവിച്ചത്. സിൽവർ ലൈൻ പദ്ധതിയുടെ വിശദപദ്ധതിരൂപരേഖ (ഡീറ്റേയ്ൽഡ് പ്രോജക്ട് റിപ്പോർട്ട്) തയ്യാറാക്കിയത് എങ്ങനെയെന്ന വിശദാംശങ്ങൾ നൽകണമെന്ന സിംഗിൾ ബഞ്ച് നിർദേശവും ഡിവിഷൻ ബഞ്ച് ഒഴിവാക്കി.
ഇതോടെ, സിൽവർ ലൈൻ സർവേ തുടരാനുള്ള സർക്കാരിന് മുന്നിലെ നിയമതടസ്സം നീങ്ങുകയാണ്.എന്നാൽ സർവേ തടഞ്ഞ ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബഞ്ച് വിധിക്കെതിരെ ഇനി നിയമപരമായി എന്ത് ചെയ്യാനാകുമെന്ന് ആലോചിക്കുമെന്നും, സമരം തുടരുമെന്നും കെ റയിൽ വിരുദ്ധസമരസമിതിയും പറയുന്നു. സിംഗിൾ ബഞ്ച് ഉത്തരവ് സർക്കാർ വാദങ്ങൾ കണക്കിലെടുക്കാതെ ഏകപക്ഷീയമാണെന്നും, സര്‍വേ നിര്‍ത്തിവെക്കുന്നത് പദ്ധതിച്ചെലവ് കുത്തനെ കൂട്ടാൻ കാരണമാകുമെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു.എന്നാല്‍ പദ്ധതിയുടെ സാമ്പത്തികകാര്യങ്ങളിൽ ആശങ്കയുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്ന കണക്കുകള്‍ വിശ്വസനീയമല്ലെന്നുമുള്ള നിലപാടാണ് കേന്ദ്രം ഹൈക്കോടതിയില്‍ സ്വീകരിച്ചത്.
വിവിധ ഘടകങ്ങള്‍ പരിശോധിച്ച് മാത്രമേ അന്തിമാനുമതി നല്‍കാനാകൂ എന്നും കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്.നേരത്തേ സാമൂഹികാഘാത സർവേ നടത്തുന്നതിന് സർക്കാരിന് മുന്നിൽ നിയമപരമായ തടസ്സമൊന്നുമില്ലെന്ന് സർക്കാർ അപ്പീലിൽ വാദം കേൾക്കവേ ഡിവിഷൻ ബഞ്ച് നിരീക്ഷിച്ചിരുന്നു. പരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് സർവേ ആന്റ് ബൗണ്ടറി ആക്ട് പ്രകാരം സർവേ നടത്താമെന്ന് ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു. എന്നാൽ ഡിപിആറിന് അനുമതി കിട്ടാത്ത പശ്ചാത്തലത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ നിർത്തിവയ്ക്കുന്നതാണ് നല്ലതെന്നാണ് റെയിൽവേ സത്യവാങ്മൂലത്തിൽ ഹൈക്കോടതിയെ അറിയിച്ചത്.
റെയിൽവേ സത്യവാങ്മൂലത്തിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇവയാണ് – തത്വത്തിലുള്ള അനുമതി ഡിപിആർ ഉള്‍പ്പെടെയുള്ള പ്രാഥമിക നടപടികള്‍ക്കായി മാത്രമാണ്. ഡിപിആര്‍ ഇപ്പോഴും റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലാണ്.ഡിപിആറിന് അനുമതി നൽകാത്തതിനാൽ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കുന്നതാണ് നല്ലത്. സാങ്കേതിക സാധ്യത സംബന്ധിച്ച് ഡിപിആറില്‍ പറയുന്നില്ല. അലൈന്മെന്റ് പ്ലാന്‍ ഉൾപ്പടെ വിശദമായ സാങ്കേതിക സാധ്യതാപഠനറിപ്പോര്‍ട്ട് നല്കാന് കെ-റെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടിക്കറ്റ് വരുമാനം കൊണ്ട് മാത്രം പദ്ധതി സാമ്പത്തികമായി വിജയിക്കില്ലെന്നും റെയില്‍വേയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.