സുകുമാരക്കുറുപ്പ് ഹരിദ്വാറിലുണ്ട്? പ്രത്യേക അന്വേഷണ സംഘം ഉടൻ തിരിക്കുമെന്ന് സൂചന
പത്തനംതിട്ട: ചാക്കോ വധക്കേസ് പ്രതിയും പിടികിട്ടാപ്പുള്ളിയുമായ സുകുമാരക്കുറുപ്പിനെ കണ്ടെന്ന വെളിപ്പെടുത്തലിനെത്തുടർന്ന് ഗുജറാത്തിലെ ഹിമന്ദ്നഗറിലും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും അന്വേഷണത്തിനൊരുങ്ങി ക്രൈംബ്രാഞ്ച്. ആലപ്പുഴ ക്രൈംബ്രാഞ്ച് സി.ഐ ന്യൂമാന്റെ നേതൃത്വത്തിലുള്ള സംഘം ഈയാഴ്ച ഇവിടങ്ങളിലേക്ക് യാത്രതിരിക്കും.ഹിമന്ദ് നഗറിൽ 15 വർഷം മുൻപ് താനുമായി സൗഹൃദത്തിലായിരുന്ന സന്യാസി സുകുമാരക്കുറുപ്പ് ആണെന്ന് സംശയമുണ്ടെന്നും കഴിഞ്ഞ മാസങ്ങളിൽ ഇയാൾ ഹരിദ്വാറിലുണ്ടായിരുന്നുവെന്നും പത്തനംതിട്ട ബിവറേജസ് ഷോപ്പ് മാനേജർ റെൻസീം ഇസ്മായിൽ വെളിപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് ജനുവരിയിൽ മുഖ്യമന്ത്രിക്കും കത്തെഴുതിയിരുന്നു. ഹരിദ്വാറിൽ കണ്ടയാൾ സുകുമാരക്കുറുപ്പ് ആകാൻ സാദ്ധ്യതയുണ്ടെന്ന് കുറുപ്പിന്റെ അയൽവാസിയുടെ മൊഴിയുമുണ്ട്. തിരുവനന്തപുരം പൂജപ്പുരയിൽ താമസിക്കുന്ന ഇദ്ദേഹത്തിന്റെ സഹോദരൻ സുകുമാരക്കുറുപ്പിന്റെ സഹപാഠിയായിരുന്നു. സഹോദരി ബി.എസ്.എഫ് ഉദ്യോഗസ്ഥ അഞ്ചുവർഷം മുൻപ് ഋഷികേശിൽ വച്ച് കുറുപ്പിനെ കണ്ടിരുന്നുവെന്ന് പറഞ്ഞതായും അയൽവാസി മൊഴി നൽകിയിട്ടുണ്ട്.ഹിമന്ദ്നഗറിൽ അദ്ധ്യാപകനായി ജോലി ചെയ്യവേ 2007ലാണ് കുറുപ്പെന്ന് സംശയിക്കുന്ന സന്യാസിയെ പരിചയപ്പെട്ടതും സൗഹൃദത്തിലായതെന്നുമാണ് റെൻസീമിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ഡിസംബറിൽ ഹരിദ്വാറിലെ സന്യാസിമാരെക്കുറിച്ചുള്ള യാത്രാ വ്ളോഗിൽ കണ്ട ദൃശ്യത്തിലും സുകുമാരക്കുറുപ്പ് എന്ന് സംശയിക്കുന്നയാൾ ഉണ്ടായിരുന്നെന്ന് റെൻസീം പറഞ്ഞിരുന്നു. മൊഴികൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ രണ്ടിടങ്ങളിലും വിശദമായ അന്വേഷണം നടത്തുമെന്ന് സി.ഐ ന്യൂമാൻ പറഞ്ഞു