ഹിജാബ് സ്ത്രീയ്ക്കും പുരുഷനും അപമാനം, കൊണ്ടുവന്നത് സ്ത്രീവിരുദ്ധർ; മതവിശ്വാസങ്ങൾ ആചരിക്കേണ്ടത് വീട്ടിലെന്ന് തസ്ലീമ നസ്റീൻ
ന്യൂഡൽഹി: ഹിജാബ്, ബുർഖ എന്നിവ അടിച്ചമർത്തലിന്റെ പ്രതീകങ്ങളാണെന്ന് ബംഗ്ളാദേശ്-സ്വീഡിഷ് എഴുത്തുകാരി തസ്ലീമ നസ്റീൻ. കർണാടകയിലെ ഹിജാബ് വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അവർ.വിദ്യാഭ്യാസത്തിനായുള്ള അവകാശം എന്നത് ഏത് മതവും സ്വീകരിക്കുന്നതിനുള്ള അവകാശം കൂടിയാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നുംതസ്ലീമ നസ്റീൻ വ്യക്തമാക്കി. ചിലർ ഹിജാബ് അനിവാര്യമാണെന്ന് കരുതുന്നു എന്നാൽ മറ്റ് ചിലർ അങ്ങനെ കരുതുന്നില്ല. ഏഴാം നൂറ്റാണ്ടിൽ ചില സ്ത്രീവിരുദ്ധരാണ് ഹിജാബ് എന്ന ആശയം കൊണ്ടുവന്നത്. അവർ സ്ത്രീകളെ ലൈംഗിക വസ്തുക്കളായാണ് കണക്കാക്കിയിരുന്നത്. പുരുഷൻമാർ സ്ത്രീകളെ നോക്കിയാൽ അവർക്ക് ലൈംഗിക പ്രേരണയുണ്ടാകുമെന്ന് അവർ വിശ്വസിച്ചു. അതിനാൽ സ്ത്രീകൾ ഹിജാബ്, ബുർഖ എന്നിവ ധരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. സ്ത്രീകൾക്ക് സ്വയം പുരുഷൻമാരിൽ നിന്ന് ഒളിച്ചുകഴിയേണ്ടതായി വന്നുവെന്നും തസ്ലീമ നസ്റീൻ പറഞ്ഞു. എന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സ്ത്രീയും പുരുഷനും തുല്യരാണെന്ന് നാം മനസിലാക്കി. അതിനാൽ തന്നെ ഹിജാബ്, ബുർഖ എന്നിവ അടിച്ചമർത്തലിന്റെ അടയാളമാണെന്നും ബുർഖ സ്ത്രീകളെ വെറും ജനനേന്ദ്രിയങ്ങൾ മാത്രമായി മാറ്റുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.ഹിജാബ്, ബുർഖ എന്നിവ സ്ത്രീകൾക്കും പുരുഷൻമാർക്കും അപമാനമാണ്. മതത്തെക്കാളും പ്രധാനമാണ് വിദ്യാഭ്യാസം. ഒരു മതേതര സമൂഹത്തിൽ മതേതര വസ്ത്രധാരണ രീതിയും ഉണ്ടായിരിക്കണം. മതവിശ്വാസങ്ങൾ ആചരിക്കേണ്ടത് വീട്ടിലോ മറ്റ് സ്വകാര്യ ഇടങ്ങളിലോ ആയിരിക്കണം മറിച്ച് മതേതര സ്ഥാപനത്തിൽ അല്ലെന്നും തസ്ലീമ നസ്റീൻ പറഞ്ഞു. മതവുമായി യാതൊരു ബന്ധവുമില്ല എന്നതാണ് മതേതരത്വം എന്നതിന്റെ ഏറ്റവും അർത്ഥവത്തായ വ്യാഖ്യാനം. ഭരണകൂടം മതത്തിൽ നിന്നും വേർപെട്ടു നിൽക്കണം. നിയമം മതത്തിലല്ല മറിച്ച് സമത്വത്തിലാണ് അധിഷ്ഠിതമാകേണ്ടത്. ഒരാളുടെ വ്യക്തിത്വം മതപരമായ വ്യക്തിത്വമാകരുതെന്നും അവർ വ്യക്തമാക്കി.