അറസ്റ്റ് ചെയ്യാൻ പ്രതിയുടെ വീട്ടിലെത്തിയ പൊലീസുകാരെ നേരിട്ടത് കൂറ്റൻ വളർത്തുനായ്ക്കൾ, സംഭവം കൊച്ചിയിൽ
കൊച്ചി: യുവദമ്പതികളെ മർദ്ദിച്ച കേസിൽ അറസ്റ്റു ചെയ്യാനെത്തിയ പൊലീസുകാർക്കു നേരെ അക്രമകാരികളായ അഞ്ച് വളർത്തുനായ്ക്കളെ അഴിച്ചുവിട്ട് പ്രതി ഓടി രക്ഷപ്പെട്ടു. നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസുകാർക്ക് പരിക്കേറ്റു. ആർക്കും കടിയേറ്റില്ല. തമ്മനം എ.കെ.ജി കോളനി നിവാസിയായ വിശാലാണ് രക്ഷപ്പെട്ടത്. ഇയാളെ രക്ഷപ്പെടാൻ സഹായിച്ചതിനും പൊലീസിനെ തടഞ്ഞതിനും നാലുപേരെ അറസ്റ്റു ചെയ്തു. അരൂർ ചിട്ടയിൽ വീട്ടിൽ അജീഷ് (37), എ.കെ.ജി കോളനി നിവാസികളായ ചൈത്രത്തിൽ വീട്ടിൽ വൈശാഖ് (21), മനീഷ് (29), ചന്ദനപറമ്പിൽ വീട്ടിൽ യേശുദാസ് (21) എന്നിവരാണ് അറസ്റ്റിലായത്. എ.കെ.ജി കോളനിയിൽ കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം.ചൊവ്വാഴ്ച രാവിലെ തമ്മനം സ്വദേശിയായ അൽത്താഫും ഭാര്യയും കടയിൽ പോകുമ്പോൾ വിശാൽ ഇവരെ തടഞ്ഞു നിറുത്തി ആക്രമിച്ചിരുന്നു. അൽത്താഫിനെ ക്രൂരമായി മർദ്ദിക്കുന്നതുകണ്ട് തടയാൻ ശ്രമിച്ച ഭാര്യയേയും തല്ലിവീഴ്ത്തി. ഇവരുടെ മൊബൈൽ ഫോൺ എറിഞ്ഞുടച്ചു. ഇരുവരും ആശുപത്രിയിൽ ചികിത്സതേടിയ ശേഷം പാലാരിവട്ടം പൊലീസിൽ പരാതി നൽകി. തന്നെ വീട്ടിൽ തിരക്കിയെത്തിയ പൊലീസിനെ കണ്ടയുടൻ വിശാൽ മൂന്ന് റോട്ട് വീലർ, രണ്ട് ഡോബർമാൻ ഇനത്തിലുള്ള നായ്ക്കളെ അഴിച്ചു വിട്ടശേഷം ഓടിമറഞ്ഞു. നായ്ക്കളുടെ കടിയേൽക്കാതെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാർക്ക് പരിക്കേറ്റത്. വിശാലിന് ലഹരി ഇടപാടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാർക്ക് ശല്യമായി നായ്ക്കളെ വളർത്തിയതിനെതിരെ നടപടി ആവശ്യപ്പെട്ട് പാലാരിവട്ടം പൊലീസ് കൊച്ചി കോർപ്പറേഷന് പരാതി നൽകി.