ഭക്തിസാന്ദ്രമായി അനന്തപുരി; പണ്ടാര അടുപ്പിൽ തീ പകർന്നു, ഉച്ചയ്ക്ക് 1.20ന് പൊങ്കാല നിവേദിക്കും
തിരുവനന്തപുരം: പണ്ടാര അടുപ്പിൽ തീ പകർന്നതോടെ ഈ വർഷത്തെ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായി. ക്ഷേത്രമുറ്റത്ത് പണ്ടാര അടുപ്പിൽ മാത്രമാണ് ഇത്തവണയും പൊങ്കാല. ഭക്തജനങ്ങൾ വീട്ടുമുറ്റങ്ങളിലാണ് പൊങ്കാലയിടുന്നത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പൊങ്കാല. മന്ത്രി ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർ ക്ഷേത്ര പരിസരത്ത് എത്തിയിരുന്നു. പതിവിലും നേരത്തെ ഉച്ചയ്ക്ക് 1.20നാണ് പൊങ്കാല നിവേദ്യം. ആ നിമിഷം പതിവുപോല സെസ്ന വിമാനം നഗരത്തിൽ വട്ടം പറന്ന് പൂക്കൾ വർഷിക്കും. ഈ സമയം ഭക്തർക്ക് പൂവും ജലവും തളിച്ച് നിവേദ്യം ദേവിക്ക് സമർപ്പിക്കാം.കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒന്നിക്കുന്ന ദിവസമാണ് പൊങ്കാലയിടുന്നത്. വീടിനകവും പുറവും വൃത്തിയാക്കി വ്രതശുദ്ധിയോടെ ലോകത്തെവിടെയും പൊങ്കാല അർപ്പിക്കാമെന്ന് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ സഹമേൽശാന്തി ടി.കെ.ഈശ്വരൻ നമ്പൂതിരി വ്യക്തമാക്കിയിരുന്നു.