കൊച്ചി മെട്രോ പാളത്തിൽ ചരിവ്; കെ എം ആർ എൽ പരിശോധന ആരംഭിച്ചു
കൊച്ചി: പത്തടിപ്പാലത്തിന് സമീപം കൊച്ചി മെട്രോ പാളത്തിൽ ചരിവ് കണ്ടെത്തി. സംഭവത്തിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് പരിശോധന ആരംഭിച്ചു. രണ്ടാഴ്ച മുൻപ് ട്രാക്ക് പരിശോധിക്കുന്നതിനിടെയാണ് തകരാർ കണ്ടെത്തിയത്. പാളത്തിലെ ചരിവ് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.പേട്ട മുതൽ എസ് എൻ ജംഗ്ഷൻ വരെയുള്ള മെട്രോയുടെ പുതിയ പാതയുടെ പരീക്ഷണയോട്ടം വിജയമായിരുന്നു. ഇതിന് പിന്നാലെയാണ് പത്തടിപ്പാലത്ത് തകരാർ കണ്ടെത്തിയത്. 1.8 കിലോമീറ്റർ ദൂരമുള്ള പുതിയ പാതയുടെ ചെലവ് 453 കോടി രൂപയാണ്. പുതിയ പാതയിൽക്കൂടി സർവീസ് തുടങ്ങുന്നതോടെ മെട്രോ സ്റ്റേഷനുകളുടെ എണ്ണം 24 ആകും. പാത കമ്മീഷൻ ചെയ്യുന്നതിന് മുന്നോടിയായായിരുന്നു പരീക്ഷണയോട്ടം.നിലവിൽ 25.16 കിലോമീറ്ററിലായി 22 സ്റ്റേഷനുകളാണ് കൊച്ചി മെട്രോയ്ക്കുള്ളത്. എസ് എൻ ജംഗ്ഷനിൽ നിന്ന് തൃപ്പൂണിത്തറയിലേയ്ക്ക് കൂടി പാത വികസിപ്പിക്കുന്നതിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചിരിക്കുകയാണ്.