ചിമ്പുവിനോട് പറഞ്ഞ ഡയലോഗാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് പ്രദീപ് എപ്പോഴും പറയുമായിരുന്നു
നടൻ കോട്ടയം പ്രദീപിന്റെ മരണവാർത്ത ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ 4.3ന് ആണ് പ്രദീപ് വിടപറഞ്ഞത്. സ്വതസിദ്ധമായ ഹാസ്യം കൈമുതലാക്കി വളരെ പെട്ടെന്നാണ് പ്രദീപ് പ്രേക്ഷകരുടെ ഇഷ്ടനടനായി മാറിയത്. ജീവിതത്തിലും ഏറെ എളിമ പുലർത്തിയിരുന്നയാൾ കൂടിയായിരുന്നു പ്രദീപെന്ന് സിനിമയിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അനുസ്മരിച്ചു.നാടകത്തിൽ സജീവമായിരുന്ന പ്രദീപ് 1999ൽ ഐവി ശശിയുടെ ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. തുടർന്ന് ചെറിയ വേഷങ്ങളിൽ നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. കരിയറിൽ ബ്രേക്കായത്, ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘വിണ്ണൈ താണ്ടി വരുവായ’ ആയിരുന്നു. അതിലെ ജോർജ് അങ്കിളും ഡയലോഗും ഹിറ്റാവുകയായിരുന്നു. തമിഴിൽ നിന്ന് മറ്റുഭാഷകളിലേക്ക് ചിത്രം എത്തിയപ്പോൾ നായകനും നായികയും അടക്കമുള്ളവർ മാറിയെങ്കിലും ജോർജ് അങ്കിളിന് മാത്രം മാറ്റമുണ്ടായില്ല. കോട്ടയം പ്രദീപിന് കിട്ടിയ വലിയ സ്വീകാര്യതയായിരുന്നു അത്.ചിത്രത്തിൽ ചിമ്പുവിനോട് പറയുന്ന ഡയലോഗാണ് തന്റെ കരയറിൽ വലിയൊരു ചലനം സൃഷ്ടിച്ചതെന്ന് പ്രദീപ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഡയലോഗ് ഇതായിരുന്നു- ‘ഫിഷുണ്ട്…മട്ടനുണ്ട്…ചിക്കനുണ്ട്…കരിമീൻ വറുത്തതുണ്ട്…കഴിച്ചോഴൂ…കഴിച്ചോളൂ…’ തന്റെതായ രീതിയിൽ പ്രദീപ് ഈ ഡയലോഗിനെ മാറ്റിയെടുത്തു. ഡയലോഗിനൊപ്പം പ്രദീപും പ്രേക്ഷകരുടെ മനസിലേക്ക് ചേക്കേറുകയായിരുന്നു.തട്ടത്തിൻ മറയത്ത്, ആട്, വടക്കൻ സെൽഫി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, തോപ്പിൽ ജോപ്പൻ, കുഞ്ഞിരാമായണം തുടങ്ങി എഴുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. അവസ്ഥാന്തരങ്ങൾ എന്ന ടെലി സീരിയലിന് ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന പരസ്യം കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ്, മകന് പകരം സീനിയർ റോളിൽ അച്ഛനായ കോട്ടയം പ്രദീപിന് ആദ്യ അവസരം ലഭിക്കുന്നത്.കോട്ടയം കുമാരനല്ലൂർ സ്വദേശിയാണ്. എൽഐസി ജീവനക്കാരനായിരുന്നു. ഭാര്യ: മായ, മക്കൾ: വിഷ്ണു, വൃന്ദ. സംസ്കാരം വൈകിട്ട് നാല് മണിക്ക് കുമാരനല്ലൂരിലെ വീട്ടുവളപ്പിൽ നടക്കും.