നിയമസഭാ സമ്മേളനം ഫെബ്രുവരി 18ന് ആരംഭിക്കും, ധനബജറ്റ് മാർച്ച് 11ന്
തിരുവനന്തപുരം: നിയമസഭാ ബജറ്റ് സമ്മേളനം ഫെബ്രുവരി 18 വെളളിയാഴ്ച ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്ന സമ്മേളനം തുടർന്ന് രണ്ട് ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ചയാണ് പിന്നെ ചേരുക. അന്ന് തൃക്കാക്കര എം.എൽ.എ പി.ടി തോമസിന് ആദരാഞ്ജലിയർപ്പിച്ച് സഭ പിരിയും.ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേൽ ഫെബ്രുവരി 22,23,24 തീയതികളിൽ ചർച്ച നടക്കും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഈ ചർച്ചകളിൽ പങ്കെടുക്കും. ഇത്തവണ ധനബജറ്റ് മാർച്ച് 11നാണ്. ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. ബജറ്റിലെ പൊതുചർച്ച മാർച്ച് 14,15,16 തീയതികളിൽ നടക്കും.22ന് വോട്ടോൺ അക്കൗണ്ട് നടപടികൾ പൂർത്തിയാക്കി മാർച്ച് 23ന് സഭ പിരിയുമെന്ന് സ്പീക്കർ എം.ബി രാജേഷ് അറിയിച്ചു. കൊവിഡ് മഹാമാരിയുടെ കാലത്തും ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിനം സഭ കൂടിയത് കേരളത്തിലാണെന്ന് സ്പീക്കർ പറഞ്ഞു. 61 ദിവസങ്ങളിലാണ് സഭ ചേർന്നത്. പാർലമെന്റ് സമ്മേളനങ്ങളെക്കാൾ ഒരു ദിവസം കൂടുതലാണിത്. ഭരണ പ്രതിപക്ഷങ്ങൾക്ക് ഈ നേട്ടത്തിൽ ഒരുപോലെ പങ്കുളളതായും സ്പീക്കർ പറഞ്ഞു.