തലേദിവസത്തെ പകയിൽ വിവാഹത്തിന് എത്തിയത് ബോംബുമായി, ഒരാൾ ആംഗ്യം കാണിച്ചയുടൻ സ്ഫോടനം; ബോംബ് വീണത് ജിഷ്ണുവിന്റെ തലയിൽ
തലശ്ശേരി: വിവാഹ ആഘോഷത്തിനിടെ ബോംബ് പൊട്ടി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ബോംബെറിയാൻ കൈകൊണ്ട് ആംഗ്യം കാണിച്ചയുടൻ സ്ഫോടനം നടന്നുവെന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായെന്ന് അന്വേഷണ സംഘം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് മുൻപാകെ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.ഇളംനീലനിറത്തിലുള്ള ഡ്രസ് കോഡിലെത്തിയവരുടെ ഇടയിൽ നിന്നാണ് സ്ഫോടനം നടന്നത്. ഇത് ഒരു വീഡിയോയിലുണ്ട്. ആംഗ്യം കാണിച്ച് മറ്റൊരാളോട് ബോംബെറിയാൻ നിർദേശിക്കുന്നതിന്റെ ദൃശ്യവും കിട്ടിയിട്ടുണ്ട്. ഒരാൾ ബോംബെറിയാൻ നിർദേശം നൽകിയ ഉടനെയാണ് സ്ഫോടനം ഉണ്ടായത്. ജിഷ്ണുവിന്റെ തലയിലാണ് ബോംബ് വീണത്.കേസിൽ അറസ്റ്റിലായ ഏച്ചൂർ പാറക്കണ്ടി ഹൗസിൽ പി അക്ഷയ് (24) ആണ് ബോംബ് എറിഞ്ഞത്. ഏച്ചൂർ ബാലക്കണ്ടി ഹൗസിൽ സി.എം.ജിഷ്ണു (26)വാണ് കൊല്ലപ്പെട്ടത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കല്യാണത്തിന്റെ തലേദിവസം രാത്രി പാട്ടുവച്ചപ്പോൾ സൗണ്ട് ബോക്സിന്റെ കണക്ഷൻ അക്ഷയ് വിച്ഛേദിച്ചിരുന്നു. ഇതോടെ അന്ന് ഇരുവിഭാഗവും ചേരിതിരിഞ്ഞ് വാക്ക് തർക്കമുണ്ടായി.സംഭവദിവസം അക്ഷയ് അടക്കമുള്ളവർ നാടൻബോംബുമായാണ് വിവാഹത്തിൽ പങ്കെടുത്തത്. വീണ്ടും തർക്കമുണ്ടായി. ഇതിനിടയിലാണ് കൊലപാതകം നടന്നത്. അതേസമയം തലേദിവസം നടന്ന വിവാഹപാർട്ടിയിൽ ജിഷ്ണു പങ്കെടുത്തിരുന്നില്ലെന്ന വിവരം പൊലീസിന് ലഭിച്ചു.കേസിൽ അക്ഷയ്, ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപത്തെ മാവിലക്കണ്ടി മിഥുൻ (24), ഏച്ചൂർ സ്വദേശി ഗോകുലും (24) എന്നിവരാണ് അറസ്റ്റിലായത്. മിഥുനാണ് ബോംബ് നിർമിച്ചത്. ചോദ്യം ചെയ്യലിൽ ഇയാൾ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. മറ്റ് രണ്ട് പ്രതികളുടെയും സഹായത്തോടെയായിരുന്നു നിർമാണം.